യുകെയുടെ പണപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസം നേരിയ ആശ്വാസം. നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നു. ഭക്ഷണത്തിന്റെയും, ഫര്‍ണീച്ചറിന്റെയും വില ഉയര്‍ന്നെങ്കിലും വിമാന നിരക്കും, പെട്രോള്‍ വിലയും കുത്തനെ താഴ്ന്നതാണ് ഗുണകരമായത്. ഏപ്രില്‍ മാസത്തില്‍ 3.5 ശതമാനത്തിലേക്ക് എത്തിയ ശേഷമാണ് മേയില്‍ 3.4 ശതമാനത്തിലേക്ക് താഴുന്നത്.
വ്യാഴാഴ്ച പലിശ നിരക്കുകളുടെ കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം കൈക്കൊള്ളാന്‍ ഇരിക്കവെയാണ് ഈ ചാഞ്ചാട്ടം. പലിശ നിരക്കുകള്‍ നിലവിലെ 4.25 ശതമാനത്തില്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.
എനര്‍ജി, ഭക്ഷണം, മദ്യം എന്നിവ ഒഴിവാക്കിയ കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 3.8 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്ക് താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. സിപിഐ മേയില്‍ 3.4 ശതമാനത്തിലേക്ക് താഴുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനവും സത്യമായി.
എന്നാല്‍ കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് ഇനിയും ദൂരമുണ്ടെന്നതിനാല്‍ പലിശ നിരക്കുകളെ ഇത് സ്വാധീനിക്കാന്‍ സാധ്യത കുറവാണ്. സേവന മേഖലയിലെ പണപ്പെരുപ്പം തുടരുന്നതിനാല്‍ പലിശ കുത്തനെ കുറയ്ക്കാന്‍ ബാങ്ക് തയ്യാറല്ല.