ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തി. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞെങ്കിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വര്‍ദ്ധിച്ചതുമാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഭാവിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകള്‍ നല്‍കിയാണ് നിലവിലെ 4.25 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തിയിരിക്കുന്നത്.
ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ നിരക്കുകള്‍ കുറയ്ക്കുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് വീണ്ടും 3.75% ആയി കുറയ്ക്കുമെന്നും ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നത്. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 0.7% വര്‍ദ്ധനവ് ഉണ്ടായതിന് ശേഷം ഏപ്രിലില്‍ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങിയിരുന്നു. ഇത് ദേശീയ ഉല്‍പാദനത്തിലോ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലോ (ജിഡിപി) വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷയില്‍ ഗണ്യമായ കുറവ് സൂചിപ്പിക്കുന്നു.
രാജ്യത്തെ ഒഴിവുകളുടെ നിരക്കുകള്‍ പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള നിലയിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഇതുകൂടാതെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. വേതന വളര്‍ച്ചയും മന്ദഗതിയിലായി. മെയ് മാസത്തെ സാമ്പത്തിക വളര്‍ച്ച അല്‍പം കൂടുതലാണെങ്കിലും തുടര്‍ന്നുള്ള പാദങ്ങളില്‍ 0.25 മാത്രമായിരുന്നു വളര്‍ച്ചാ നിരക്ക് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ധനത്തിന്റെയും വിമാന ടിക്കറ്റുകളുടെയും നിരക്കുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യുകെയിലെ പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും ഫര്‍ണിച്ചറുകളുടെയും വിലവര്‍ധനവിനെ പിടിച്ചുനിര്‍ത്താന്‍ വിമാനനിരക്കുകളിലും പെട്രോള്‍ വിലയിലും ഉണ്ടായ ഇടിവാണ് പണപ്പെരുപ്പം കുറയാന്‍ കാരണമായത് . ഏപ്രില്‍ മാസത്തിലെ 3.5 ശതമാനം എന്ന നിരക്കില്‍ നിന്നാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് കുറഞ്ഞത്.
എന്നാല്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്ന് എന്ന വില ഉയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം എങ്ങനെയാവുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറയാന്‍ ഇനിയും ദൂരമുണ്ടെന്നതിനാല്‍ പലിശ നിരക്കുകളെ ഇത് സ്വാധീനിക്കാന്‍ സാധ്യത കുറവാണ്. സേവന മേഖലയിലെ പണപ്പെരുപ്പം തുടരുന്നതിനാല്‍ പലിശ കുത്തനെ കുറയ്ക്കാന്‍ ബാങ്ക് മടിക്കും. ഇത് മോര്‍ട് ഗേജ് വിപണിയെ സ്വാധീനിക്കും.