രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍: ബ്രിട്ടീഷ് പൗണ്ട് രൂപയ്ക്കും ഡോളറിനുമെതിരെ റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെയും പൗണ്ടിന്റെ വിനിമയ നിരക്ക് റെക്കോര്‍ഡു ഭേദിച്ച് മുന്നേറുകയാണ്. ഇന്നലെ 118 രൂപവരെയെത്തി ഒരു പൗണ്ടിന്റെ വില. വിപണഇ ക്ലോസ് ചെയ്തപ്പോള്‍ 117.58 നിരക്കിലായിരുന്നു
നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും.
2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത്.
ഡോളറിനെതിരെ പൗണ്ടിന്റെ വിപണി മൂല്യം കഴിഞ്ഞ നാലു വര്‍ഷത്തെ റെക്കോര്‍ഡ് നിരക്കിലാണ്. 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ ഡോളറിനെതിരെ പൗണ്ടിന്റെ വിനിമയ നിരക്ക്. 1.37 ഡോളറായിരുന്നു ഒരു പൗണ്ടിന്റെ മൂല്യം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് മാറ്റമുണ്ടാകുമെന്ന സൂചനയാണ് പൗണ്ടിനെതിരെ ഡോളര്‍ ദുര്‍ബലമാകാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് തലവന്‍ ജെറോം പവലിനെതിരെ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ കറന്‍സി വിപണിയില്‍ വലിയ ചലനമുണ്ടാക്കി.