ടെല്‍ഫോര്‍ഡ്: ഇരുപത്തിരണ്ടാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററില്‍ ജനസഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതു ചരിത്രം ആയി. രാവിലെ ഒന്‍പതു മണിക്ക് പ്രസിഡന്റ് സിബി കണ്ടതില്‍ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി ആരംഭിച്ച 22മത് കണ്‍വെന്‍ഷന്‍ തുടര്‍ന്ന് ഫാ. സ്റ്റീഫന്‍ ജയരാജ്, ഫാ. ഷഞ്ജു കൊച്ചു പറമ്പില്‍ എന്നിവര്‍ ഭക്തിസാന്ദ്രമായ ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാന മധ്യേ ഇങ്ങനെയുള്ള ക്‌നാനായ സംഗമം നടത്തുമ്പോള്‍ അത് നമ്മുടെ ബലം ആണെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ഫാ. സഞ്ജു കൊച്ചു പറമ്പില്‍ ഓര്‍മിപ്പിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആരംഭിച്ച കള്‍ച്ചറല്‍ പരിപാടിയില്‍ വേദപാഠ അധ്യാപകര്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന ക്‌നാനായ പ്രതിഭകള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറിയപ്പോള്‍ കാണികള്‍ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിറകോടിയിലെത്തി.
അവതാരകരായ അലന്‍, സനല്‍ എന്നിവര്‍ കാണികളുടെ മനസ്സറിഞ്ഞ് സദസ്സ് ഏറ്റെടുത്തപ്പോള്‍ വേറിട്ട ഒരു അനുഭവമാണ് ഉണ്ടായത്. പുതിയ തലമുറയുടെ തരംഗമായ ഗാനങ്ങളുടെ തുടര്‍ച്ചയുമായി സ്റ്റേജ് പരിപാടി ആരംഭിച്ച് ജിംനാസ്റ്റിക്കിന്റെ മാസ്മരിക ലോകത്തിലൂടെ, ക്ലാസിക്കല്‍ നൃത്ത ചൂവടിലൂടെ, മനം മയക്കുന്ന ഫാഷന്‍ ഷോയിലൂടെ, മാര്‍ഗംകളിലൂടെ, സംഘനൃത്തത്തിലൂടെ, യുവജന സംഘടനയായ കെസിവൈലിന്റെ നൃത്ത ചൂവടുകളിലൂടെ തുടര്‍ച്ചയായി അരങ്ങിലെത്തിയപ്പോള്‍ കാണികള്‍ ആനന്ദ സാഗരത്തിലായി. ഏതൊരു കലാകാരനെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ കിട്ടാവുന്ന ഏറ്റവും വലിയ സദസിന്റെ മുന്നില്‍ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി ഓരോ കലാകാരനിലും കാണാമായിരുന്നു.
തുടര്‍ന്ന് നടന്ന സമുദായ റാലി യുകെയിലെ ക്‌നാനായക്കാരുടെ സംഘടന ബലത്തിന്റെയും സൗഹൃദത്തിന്റെയും ക്‌നാനായ സംസ്‌കാരത്തിന്റെയും ശക്തി വിളിച്ചോതുന്നതായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍ റാലി അസാധ്യമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ സെന്‍ട്രല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ സെന്ററിന്റെ അധികാരികളുടെ മുമ്പില്‍ ഏറെ പരിശ്രമിച്ചാണ് റാലിക്ക് അനുവാദം വാങ്ങിയത് എന്ന് ജനറല്‍ സെക്രട്ടറി സിറില്‍ പനങ്കാല പറഞ്ഞു.
വിവിധ കാറ്റഗറികളിലായി കേരളീയ തനത് വേഷരീതികളില്‍ ക്‌നാനായ കേരളീയ ഭാരതീയ ആംഗലേയ സംസ്‌കാരങ്ങള്‍ കോര്‍ത്തിണക്കി മുന്നേറിയ സമുദായ റാലിയില്‍ തങ്ങളുടെ രൂപത കോട്ടയം ആണെന്നും മാതൃ ഇടവകയുമായുള്ള പൂക്കള്‍കൊടി ബന്ധം ആര്‍ക്കും മുറിച്ചു മാറ്റുവാന്‍ സാധിക്കില്ല എന്നും ഉറക്കെ വിളിച്ചു പറഞ്ഞു ക്‌നാനായക്കാര്‍ നടന്നു നീങ്ങിയപ്പോള്‍ കത്തുന്ന സൂര്യന്റെ ചൂടിനും അപ്പുറം ക്‌നാനായത്വം എന്ന വികാരം നെഞ്ചിലേറ്റിയ ഒരു സമൂഹത്തിന്റെ ഒരുമയുടെ, നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ പ്രതിഫലനമായിരുന്നു റാലിയില്‍ കാണുവാന്‍ സാധിച്ചത്.
ആവേശകരമായ റാലിയുടെ മത്സരത്തില്‍ നിരവധി വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബര്‍മിങ്ഹാം യൂണിറ്റ് ഇത്തവണ തങ്ങള്‍ക്ക് സമ്മാനം വേണ്ട എന്ന് പ്രഖ്യാപനത്തിലൂടെ ക്‌നാനായ സാഹോദര്യത്തിന്റെ ഉദാഹരണമായപ്പോള്‍ കാറ്റഗറി D യില്‍ മാഞ്ചസ്റ്റര്‍, കവന്‍ട്രി, ലെസ്റ്റര്‍ എന്നിവരും കാറ്റഗറി C യില്‍ സ്റ്റോക്ക് ഓന്‍ ട്രെന്റ്, ഇസ്പ്വിച്ച്, നോട്ടിങ് ഹാം എന്നിവരും കാറ്റഗറി B യില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, ഓക്‌സ്‌ഫോര്‍ഡ് എന്നിവരും കാറ്റഗറി A യില്‍ ഈസ്റ്റ് ലണ്ടന്‍, മെഡ് വെ, കെന്റാല്‍ എന്നിവരും വിജയികളായി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ നിരവധി സമുദായ നേതാക്കളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നത്. യുകെസിയുടെ ആദരണീയനായ പ്രസിഡന്റ് സിബി കണ്ടത്തില്‍ തന്റെ പ്രസംഗത്തില്‍ തങ്ങളുടെ നിലനില്‍പിനായുള്ള യുകെയിലെ ക്‌നാനായ മക്കളുടെ പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചയാണ് തിങ്ങി നിറഞ്ഞ ഈ ജനസഞ്ചയം എന്ന് ഓര്‍മിപ്പിച്ചു.
ഫാ. സ്റ്റീഫന്‍ ജയരാജ് മുഖ്യ പ്രഭാഷകനായി. തുടര്‍ന്ന് യുകെയിലെ ക്‌നാനായ സമുദായത്തിന്റെ അഭിമാനമായ ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രശസ്ത സിനിമാതാരം ടിനി ടോമിന്റെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോ കണ്‍വെന്‍ഷന് പങ്കെടുത്തവര്‍ക്ക് അധിക സമ്മാനമായി മാറി.
രാവിലെ മുതല്‍ യുകെയില്‍ അങ്ങോളമിങ്ങോളം ഉള്ള തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംഗമ വേദിയായി മാറിയ കണ്‍വെന്‍ഷന്‍ ക്‌നാനായ സാഹോദര്യസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. തങ്ങളുടെ അടുക്കളയില്‍ ഉണ്ടാക്കിയ രുചിയേറിയ ഭക്ഷണങ്ങള്‍ സ്വന്തം കാറുകളില്‍ തുറന്നു വച്ച് എല്ലാവര്‍ക്കും പങ്കുവയ്ക്കുന്ന ആള്‍ക്കാരെയാണ് കാര്‍ പാര്‍ക്കിംഗ് ഉടനീളം കാണുവാന്‍ സാധിച്ചത്. തങ്ങളില്‍ തങ്ങളില്‍ അന്‍പോടെ തഴുകി സ്‌നേഹബന്ധങ്ങള്‍ പുതുക്കി, മാതൃ ഇടവകയുടെ, പഠിച്ചിരുന്ന സ്‌കൂളുകളുടെ, കോളേജുകളുടെ, നാട്ടുകൂട്ടങ്ങളിലൂടെ ഓടിനടന്ന് സൗഹൃദം പുതുക്കുന്ന ഒരു ജനതയുടെ സംഗമം അവസാനിച്ചപ്പോള്‍ അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുന്ന ജനക്കൂട്ടം ലോകത്ത് ക്‌നാനായകാര്‍ക്ക് അല്ലാതെ ഇങ്ങനെ ചെയ്യുവാന്‍ സാധിക്കില്ല എന്ന് പൊതുസമൂഹത്തെ ഓര്‍മിപ്പിക്കുന്നതായി മാറി.