അനധികൃതമായി യു കെയില്‍ എത്തുകയും ജോലി ചെയ്യാന്‍ നിയമപരമായ അനുമതി ഇല്ലാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കു കയറുകയും ചെയ്ത അനധികൃത തൊഴിലാളികളെ പിടികൂടുന്നതിനു ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്.
അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങള്‍ വിവിധ ഭക്ഷണ വിതരണ കമ്പനികളുമായി പങ്കുവയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഡെലിവെറൂ, ജസ്റ്റ് ഈറ്റ്, ഊബര്‍ ഈറ്റ് തുടങ്ങിയ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. അതോടൊപ്പം അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്ക്, ഡെലിവറി റൈഡര്‍മാര്‍ അവരുടെ അക്കൗണ്ട് പങ്ക് വയ്ക്കുന്നത് നിര്‍ത്തലാക്കാനും സാധിക്കും.
യു കെയില്‍ എത്തി ആദ്യ 12 മാസക്കാലമോ അല്ലെങ്കില്‍ അവരുടെ അഭയാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നത് വരെയോ യുകെയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥികളില്‍ ചിലര്‍ ഈ ആപ്പുകള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ മാസം, റൈഡര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നതിനും, അവര്‍ക്ക് നിയമപരമായി യു കെയില്‍ ജോലി ചെയ്യാനുള്ള അവകാശമുണ്ടോ എന്ന് പരിശോധിക്കുന്നതിനും തയ്യാറാണെന്ന് ഭക്ഷണ വിതരണ കമ്പനികള്‍ അറിയിച്ചിരുന്നു.
ഈ നടപടി മൂലം ആയിരക്കണക്കിന് റൈഡര്‍മാരെ ഭക്ഷണ വിതരണ കമ്പനികള്‍ ഒഴിവാക്കിയതായും ഹോം ഓഫീസ് അറിയിച്ചു. അനധികൃതമായി ജോലി ചെയ്യുന്നത് വ്യാപാരത്തിന്റെ സത്യസന്ധത ഇല്ലാതെയാക്കുമെന്നും, അവശരായവരെ ചൂഷണത്തിനു വിധേയമാക്കുമെന്നും പറഞ്ഞ ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍, ഇത് സംഘടിത കുടിയേറ്റ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഡാറ്റ ഭക്ഷണ വിതരണ കമ്പനികളുമായി പങ്കുവയ്ക്കുക വഴി ഇത് വലിയൊരു പരിധി വരെ ഒഴിവാക്കാന്‍ കഴിയുമെന്നും അവര്‍ അറിയിച്ചു.