പണപ്പെരുപ്പത്തില്‍ വര്‍ധന ഉള്ളപ്പോഴും പ്രതികൂല സാഹചര്യം മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സമ്പദ്വ്യവസ്ഥ പിന്നോട്ട് പോവുകയും, തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും കൂടാതെ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ അന്താരാഷ്ട്ര വ്യാപാരത്തെ പ്രതികൂലമായും ബാധിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന വാര്‍ത്ത ശക്തമായത്. വ്യാഴാഴ്ച ബാങ്കിന്റെ പണ നയ രൂപീകരണ സമിതി ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. വരുന്ന വ്യാഴാഴ്ച ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യുടെ യോഗത്തില്‍ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് നാലു ശതമാനത്തില്‍ എത്തിക്കുമെന്നാണ് അഭ്യൂഹം.
അത് സംഭവിച്ചാല്‍, കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് നാലാം തവണയായിരിക്കും പലിശ നിരക്കില്‍ കുറവുണ്ടാവുക. ഇതോടെ പലിശ നിരക്ക് 2023 മാര്‍ച്ചിലെ നിരക്കിലെത്തുകയും ചെയ്യും. ആഗസ്റ്റ് മാസത്തിലെ എം പി സി യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ 80 ശതമാനത്തോളം സാധ്യതയുള്ളതായാണ് ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി മറ്റൊരു 0.25 ശതമാനത്തിന്റെ കുറവ് കൂടി പ്രാബല്യത്തില്‍ വരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ മെയ് മാസത്തില്‍ 0.1 ശതമാനവും ഏപ്രിലില്‍ 0.3 ശതമാനവും ചുരുങ്ങുകയുണ്ടായി. ഇതിന് പ്രധാനമായും നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നത് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവയെയാണ്. അതിനോടൊപ്പം ഒക്ടോബറിലെ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതികളും ഈ തകര്‍ച്ചക്ക് കാരണമാണ് എന്നും അവര്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള 12 മാസക്കാലയളവില്‍ പണപ്പെരുപ്പം വര്‍ദ്ധിച്ച് 3.6 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. എം പി സി ഉന്നം വയ്ക്കുന്നത് പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ എത്തിക്കാനാണ്. അതുകൊണ്ടു തന്നെ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പിക്കാനാവില്ല എന്നും ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്.
ജൂണില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തിയിരുന്നു. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞെങ്കിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വര്‍ദ്ധിച്ചതുമാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഭാവിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകള്‍ നല്‍കിയാണ് നിലവിലെ 4.25 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തിയത്. അതിനാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ നിരക്കുകള്‍ കുറയ്ക്കുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് വീണ്ടും 3.75% ആയി കുറയ്ക്കുമെന്നും ആയിരുന്നു ധനകാര്യ വിപണികള്‍ പ്രതീക്ഷച്ചത്. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 0.7% വര്‍ധനവ് ഉണ്ടായതിന് ശേഷം ഏപ്രിലില്‍ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങിയിരുന്നു. ഇത് ദേശീയ ഉല്‍പാദനത്തിലോ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലോ (ജിഡിപി) വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷയില്‍ ഗണ്യമായ കുറവ് സൂചിപ്പിക്കുന്നു.