ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് കൗണ്‍സിലില്‍ ഗവേഷണ ഫെലോഷിപ്പ് നേടി കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയായ മഞ്ജിമ അഞ്ജന. യൂണിവേഴ്‌സിറ്റി ഓഫ് വോറിക്കിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ പിഎച്ച്ഡി ചെയ്യാനാണ് മഞ്ജിമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 2021ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മഞ്ജിമ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി.
ഒന്നാം റാങ്കോടെയാണ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷം ഡല്‍ഹിയിലെ ശിവനാടാര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. അധ്യാപന കാലത്താണ് മികച്ച വിദേശ സര്‍വകലാശാലയില്‍ ഗവേഷണം നടത്താനുള്ള ആഗ്രഹം തോന്നിയത്. 2024 ഡിസംബറില്‍ അവസരം തേടിയുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. ഒടുവില്‍ വോറിക്ക് സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യാന്‍ അവസരം തേടിയെത്തുകയായിരുന്നു. ക്ലൈമറ്റ് പൊളിറ്റിക്‌സാണ് മഞ്ജിമയുടെ ഗവേഷണ മേഖല.
കാലാവസ്ഥ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അവ ലഘൂകരിക്കുന്ന തരത്തില്‍ കാലാവസ്ഥാ നയങ്ങള്‍ രൂപീകരിക്കുന്നതിന് സ്വാധീനം ചെലുത്താനാകും എന്നതാണ് ഗവേഷണ വിഷയത്തിന്റെ പ്രസക്തി. നാലു വര്‍ഷമാണ് ഗവേഷണ കാലയളവ്. ഒക്ടോബര്‍ ആദ്യവാരം യുകെയിലെത്തി ഗവേഷണം ആരംഭിക്കാനുള്ള തയാറെടുപ്പുകളിലാണ് മഞ്ജിമ. ഇരിട്ടി കാര്‍ഷിക ഗ്രാമ വകസന ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെപി ഗോപാലകൃഷ്ണന്റെയും മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ വി അഞ്ജനയുടെയും മകളാണ്.