ലണ്ടന്‍: ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെ 120 ലേയ്ക്ക് എത്തി. ഒരു പൗണ്ടിന്റെ വില 119.68 രൂപവരെയെത്തി .
നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും.
എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത്.
കുടുംബമായി യുകെയില്‍ സ്ഥിര താമസമാക്കിയവര്‍ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവര്‍ക്ക് യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം ഉയര്‍ന്നത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇടയില്ല.