സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും സ്കോട്ട് ലന്‍ഡിലെ ലനാര്‍ക്‌ഷെയര്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നൈജില്‍ പോളിനെ (47) ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ല്‍ വിചാരണ ഒഴിവാക്കാനായി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെങ്കിലും പിന്നീട് കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി തിരിച്ചെത്തിക്കുകയായിരുന്നു. സ്കോട്ട് ലന്‍ഡിലേക്ക് കൊണ്ടുവന്ന ശേഷം ഇയാള്‍ കുറ്റങ്ങള്‍ സമ്മതിച്ചു.
2018 ഏപ്രിലില്‍ 26 വയസുള്ള സഹപ്രവര്‍ത്തകയെ ഓഫീസ് മുറിയില്‍ പൂട്ടി ഭീഷണിപ്പെടുത്തിയാണ് നൈജില്‍ പോള്‍ ആക്രമിച്ചത്. ജോലിയിലെ ഹാജര്‍ കുറവിനെയും സാമ്പത്തിക പ്രശ്‌നങ്ങളെയും ചൂണ്ടിക്കാട്ടി ഇയാള്‍ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ് . സംഭവത്തിന് ശേഷം യുവതി ഭയന്ന് ഒന്നും പറയാതെ പുറത്തേക്ക് ഓടി. മറ്റ് രണ്ട് യുവതികളോടും ഇയാള്‍ പലതവണ മോശമായി പെരുമാറ്റം കാണിച്ചതായി കോടതിയില്‍ തെളിവുകള്‍ ലഭിച്ചിരുന്നു.
കുറ്റം സമ്മതിച്ചിട്ടും ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നൈജില്‍ പോള്‍ പെരുമാറിയതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതായി ജഡ്ജി ലോര്‍ഡ് റുനൂച്ചി കോടതി വിചാരണയില്‍ പറഞ്ഞു. സംഭവങ്ങള്‍ 'പൂര്‍ണ്ണമായി ആസൂത്രിതവും മോശപ്പെട്ട രീതിയിലുള്ള ആക്രമണങ്ങളും' ആണെന്ന് കോടതി വ്യക്തമാക്കി. ജയില്‍വാസത്തോടൊപ്പം ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് .