വിദ്യാര്‍ത്ഥികളെ പേടിച്ച് അധ്യാപകര്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ വന്നാല്‍ എങ്ങനെയിരിക്കും ? കുട്ടികള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ വര്‍ധിച്ചതോടെ അധ്യാപകര്‍ ഭയപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന നിലയിലെത്തി കാര്യങ്ങള്‍. സ്‌കൂളിലെ ആണ്‍ വിദ്യാര്‍ത്ഥികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ സ്വന്തം കാര്യം നോക്കുന്ന അവസ്ഥയില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുകയാണ്.
നോര്‍ത്തംബര്‍ലാന്‍ഡ് ഹെയ്ഡണ്‍ ഹൈ സ്‌കൂളിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ 'നേരെയാക്കാനുള്ള' ഒരു നടപടിയും ശരിയായില്ലെന്ന് വ്യക്തമാക്കുന്നത്. കൂടാതെ തടസ്സപ്പെടുത്തലുകള്‍ പതിവായി തുടരുകയും ചെയ്തു. ഇതോടെ ഡിസംബര്‍ 16, 17, 18 തീയതികളില്‍ വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുകയാണ് അധ്യാപകര്‍.
നവംബര്‍ 19, 25 തീയതികളില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പരിഹാരം കാണാമെന്ന വാക്ക് വിശ്വസിച്ച് ഇത് മാറ്റിവെച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചയായി യാതൊരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്ന് അധ്യാപക യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു. കുട്ടികള്‍ മോശം പെരുമാറ്റം തുടരുകയുമാണ്.
വിദ്യാര്‍ത്ഥികളുടെ ഇത്തരം പെരുമാറ്റങ്ങളില്‍ ശിക്ഷകള്‍ സാധ്യമാകാതെ വന്നതോടെ ഇവര്‍ക്ക് ഭയം ഇല്ലാത്ത അവസ്ഥയാണ്. ഇവരെ ഒറ്റയ്ക്ക് ഇരുത്താമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും നിര്‍ബന്ധമല്ലാത്തതിനാല്‍ ഫലം കാണുന്നില്ലെന്ന് എഞ്ചിനീയറിംഗ് അധ്യാപകന്‍ മാത്യൂ എയിന്‍സ്ലി പറയുന്നു.
' ഇതിന് പകരം ഇവര്‍ പുറത്ത് കറങ്ങും. പലപ്പോഴും തമ്മിലടിയാണ്. സ്ത്രീ ജീവനക്കാര്‍ പറയുന്നത് അനുസരിക്കാത്ത ആണ്‍കുട്ടികളുടെ ഗ്യാംഗുകളുണ്ട്', ഇദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കാര്യം പറഞ്ഞാല്‍ വനിതാ അധ്യാപകര്‍ക്ക് ചുറ്റും കൂടി ചോദ്യം ചെയ്ത് ഭയപ്പെടുത്തുന്നതും പതിവാണ്. സ്‌കൂളിന്റെ അവസ്ഥ മോശമായതോടെ മാതാപിതാക്കള്‍ മക്കളെ ഇവിടെ നിന്നും മാറ്റുകയാണ്.