ലണ്ടന്‍: വിന്റര്‍ ഫ്ലൂവിന്റെ അടിയന്തര സാഹചര്യം കോവിഡ് കാല നിര്‍ബന്ധിത മാസ്‌ക് ധാരണത്തിലേക്ക് ആളുകളെയെത്തിക്കുന്നു. ചുരുങ്ങിയത് ആറ് ആശുപത്രികളിലെങ്കിലും 'ഗുരുതര പ്രതിസന്ധി' പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്തെ കണക്കെടുത്താല്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്ലൂ ബാധിതരുടെ എണ്ണം. അതേസമയം, വ്യാപനം ഇനിയും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഇതുവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശപ്പെട്ട ഫ്ലൂ സീസണായിരിക്കും ഈ വര്‍ഷം ബ്രിട്ടന്‍ അഭിമുഖീകരിക്കുക എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. പല ആശുപത്രികളിലും ഫ്ലൂ ബാധ കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനായി മറ്റ് രോഗങ്ങളുമായി എത്തുന്നവരുടെ സന്ദര്‍ശനം നിരോധിക്കുന്ന സാഹചര്യം പോലും വന്നിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഫ്ലൂ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ശസ്ത്രക്രിയകള്‍ പോലും റദ്ദാക്കിയതായി ചില ആശുപത്രികള്‍ അറിയിച്ചിട്ടുണ്ട്.
ആരോഗ്യരംഗം ഇത്രയധികം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിലും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 22 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് . ശമ്പള വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് റെസിഡന്റ് ഡോക്ടര്‍മാര്‍ സമരം ചെയ്യും എന്നറിയിച്ചിരിക്കുകയാണ് .
നേരത്തേ റെസിഡന്റ് ഡോക്ടര്‍മാര്‍ 26 ശതമാനം ശമ്പള വര്‍ധനവാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടെ ഇതിനോടകം തന്നെ അവരുടെ ശമ്പളത്തില്‍ 28.9 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നതാണ് വാസ്തവം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് ദിവസത്തെ സമരം മൂലം എന്‍എച്ച്എസിന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടി വരുന്നതിനാലും കണ്‍സള്‍ട്ടന്റുകള്‍ക്ക് ഓവര്‍ടൈം നല്‍കേണ്ടതിനാലും 300 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.