ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വീട്ടില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണ കാരണം ഹൃദയാഘാതമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്സാണ്ടറിനെയാണു ലിസ്ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം വെള്ളിയാഴ്ച വൈകിട്ടു നാലു മുതല്‍ രാത്രി 9 വരെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (Church of Epiphany Parish Hall, 110–112 Sicily Park, BT10 0AG)പാരിഷ്ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.
ചടങ്ങുകള്‍ക്ക് പൂക്കളോ റീത്തുകളോ കൊണ്ടുവരരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകേണ്ടതിനാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഈ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തോട് എല്ലാവരും സഹകരിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ജോസ്‌ന ജോസ് ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ്‌ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. മകള്‍ ജൊവാന.