ബിസിനസ്‌

പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും


പശ്ചമിമേഷ്യന്‍ യുദ്ധം ഏറ്റവും സാരമായി ബാധിക്കുന്ന വികസിത സമ്പദ് വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനം ബ്രിട്ടനായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ്. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച താഴുമെന്നാണ് ഐഎംഎഫ് ഈ ഘട്ടത്തില്‍ പ്രവചിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റും ഈ ഡൗണ്‍ഗ്രേഡിംഗ് നടത്തിയിട്ടുണ്ട്. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ എണ്ണ, ഗ്യാസ് വില കുതിച്ചുയര്‍ന്നത് രാജ്യത്തിന് കനത്ത ആഘാതമാണ്. ഇത് ബിസിനസ്സുകള്‍ മുതല്‍ കുടുംബ ബജറ്റിനെ വരെ സ്വാധീനിക്കുന്ന ഘടകവുമാണ്.

പണപ്പെരുപ്പത്തെ നേരിട്ട് സ്വാധീനിക്കുമെന്നതിനാല്‍ പലിശ നിരക്കുകള്‍ ഷോക്കില്‍ നില്‍ക്കുകയാണ്. വരും മാസങ്ങളില്‍ പലിശ കൂട്ടാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഫെബ്രുവരി വരെ മൂന്ന് മാസങ്ങളില്‍ 0.5% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചടി. ഇതിന് പിന്നാലെയാണ് ഇറാന്‍ യുദ്ധം തുടങ്ങിയത്.

ഇതോടെ അനുകൂല സ്ഥിതി നഷ്ടമാകുകയും, പണപ്പെരുപ്പത്തിന് ഉത്തേജനമേകുന്ന അവസ്ഥ രൂപം കൊള്ളുകയുമാണ്. പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിക്കുമെന്ന് വിപണികള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. ഇത് സംഭവിച്ചാല്‍ മോര്‍ട്ട്‌ഗേജ് വിപണിക്കും ഷോക്കായി മാറും. നിലവില്‍ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ ഉയര്‍ത്തി പ്രതിരോധത്തിന് ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍, അവശ്യ സാധനങ്ങളുടെ വിലകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലും ഏറെ പ്രയാസകരമായ തീരുമാനം പലിശ നിരക്കുമായി ബന്ധപ്പെട്ട് എടുക്കേണ്ടി വന്നേക്കാം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ ബില്‍ ബ്രിട്ടീഷുകാര്‍ക്ക് മേല്‍ ഒരു ആഘാതമായി പതിക്കുമ്പോഴും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ധൃതിപിടിച്ചൊരു തീരുമാനം ബാങ്ക് എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വില മറ്റ് വസ്തുക്കളുടെ വിലയിലും പ്രതിഫലിക്കുമെങ്കിലും, മറ്റു ചില ഘടകങ്ങള്‍ പലിശ നിരക്കുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുക്കുന്നത് പ്രയാസകരമാക്കുന്നു എന്നും ഗവര്‍ണര്‍ ആന്‍ഡ്രു ബെയ്‌ലി പറഞ്ഞു.

വാഷിംഗ്ടണില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ എം എഫ്) യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബി ബി സിയുമായി സംസാരിക്ക്‌മ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. യുദ്ധത്തിനു മുമ്പായി, ഈ വര്‍ഷം പലിശ നിരക്കില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും കുറവ് വരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തൊഴില്‍ വിപണി സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ ആരംഭിച്ചതും, പണപ്പെരുപ്പ നിരക്ക് കുറയാന്‍ തുടങ്ങിയതുമായിരുന്നു കാരണം. എന്നാല്‍, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ലഭ്യത കുറവും വില വര്‍ധനവും എല്ലാം തകിടം മറിച്ചു.

കുറഞ്ഞ വളര്‍ച്ചയും, വര്‍ധിച്ച തൊഴിലില്ലായ്മയും ഉണ്ടായിരുന്ന സാഹചര്യത്തേക്കാള്‍ ആശങ്കാജനകമാണ് വിലക്കയറ്റവും പണപ്പെരുപ്പവും ഉള്ള സാഹചര്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഒരു തീരുമാനത്തിലെത്തുക എന്നത് അത്ര എളുപ്പമല്ല. എല്ലാ വശങ്ങളും ആലോചിച്ച് മാത്രമെ പലിശ നിരക്കുമായി ബന്ധപ്പെട്ട ഒരു തീരുമാനമെടുക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് മോര്‍ട്ട്‌ഗേജ് വിപണി ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതായിരുന്നു. നേരത്തേ, യുദ്ധ പശ്ചാത്തലത്തില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച നൂറ് കണക്കിന് ഡീലുകളില്‍ ചിലത് തിരിച്ചു വന്നതിനോടൊപ്പം ചില പ്രധാന മോര്‍ട്ട്‌ഗേജ് ദായകര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വലിയ രീതിയിലുള്ള വര്‍ധനവിന് ശേഷമാണ് ഇപ്പോള്‍ നിരക്കുകള്‍ കുറയാന്‍ തുടങ്ങുന്നത്. എന്നാല്‍ മാറിയ സാഹചര്യം വിപണിയെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നു കണ്ടുതന്നെ അറിയണം.

  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions