യുകെയില്‍ ഉഷ്ണ തരംഗം പിടിമുറുക്കുന്നു. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും വിവിധയിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഇഗ്ലണ്ടില്‍ താപനില 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലണ്ടന്‍, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നൂറുകണക്കിന് സ്‌കൂളുകള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചിടാന്‍ തീരുമാനിച്ചു. പല സ്‌കൂളുകള്‍ ക്ലാസ് സമയം വെട്ടിക്കുറച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ധരിക്കുന്നത് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
പ്രായമായവരും കുട്ടികളും ജാഗ്രത പാലിക്കണം. ചൂട് അപകടകരമായ നിലയിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
രാത്രിയിലും താപനില 20 ഡിഗ്രിക്ക് മുകളിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ശാരീരിക അസ്വസ്ഥതയുണ്ടായാല്‍ ആശുപത്രിയിലെത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനത്തെ നേരിടാന്‍ രാജ്യം ഒരുങ്ങുമ്പോളാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയാ ഗുട്ടേറാസിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഴ്ചകള്‍ കണ്‍മുന്നില്‍ വേഗതയേറുന്നതായി ഗുട്ടെറാസ് ലണ്ടന്‍ ക്ലൈമറ്റ് ആക്ഷന്‍ വീക്കില്‍ വ്യക്തമാക്കി.
എല്‍ നിനോ പ്രതിഭാസം ഇക്കുറി സമ്മറില്‍ വീട് തകര്‍ക്കുന്ന അവസ്ഥ വരുത്തിവെയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പില്‍ പറഞ്ഞു. യുകെ അസാധാരണമായ ഉഷ്ണതരംഗം നേരിടുമ്പോഴാണ് കണ്ണ് തുറന്ന് കാണാന്‍ യുഎന്‍ മേധാവി ആവശ്യപ്പെടുന്നത്. ഈയാഴ്ചയിലെ ഉയര്‍ന്ന താപനില സ്‌കൂളുകളുടെയും, ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം തൊഴിലിടങ്ങളിലും, ഗതാഗത സംവിധാനങ്ങളിലും ചൂടിന്റെ ആഘാതം നേരിടുകയാണ്. 1976 ജൂണിലെ താപനില റെക്കോര്‍ഡാണ് ഇക്കുറി തകര്‍ക്കപ്പെട്ടത്. സറെയില്‍ ഇന്നലെ 34.6 സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയപ്പോള്‍ ബുധനാഴ്ചയും, വ്യാഴാഴ്ചയും ഇതിനെ മറികടക്കുന്ന ചൂടെത്തുമെന്നാണ് കരുതുന്നത്.
താപനില കൂടിയതോടെ റെയില്‍വെ യാത്രകള്‍ വേഗത കുറച്ചും, ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാകുകയും ചെയ്യുന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.