ലണ്ടനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഫേസ് റെക്കഗ്‌നിഷന്‍ കാമറകള്‍ വരുന്നു. ഇതിന്റെ മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളുടെ മുഖങ്ങളാണ് ട്രാക്ക് ചെയ്യുകയും സ്‌കാന്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും, തിരക്കേറിയതുമായ വെസ്റ്റ് എന്‍ഡിലാണ് ഇപ്പോള്‍ പുതിയതായി ഈ ആധുനിക കാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ക്രോയ്‌ഡോണില്‍ ആറ് മാസത്തെ പരീക്ഷണത്തിനു ശേഷമാണ് ഇപ്പോള്‍ ഈ ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ക്യാമറകള്‍ വെസ്റ്റ് എന്‍ഡിലെത്തുന്നത്.
വിപ്ലവകരമായ ഒരു നീക്കം എന്ന് വിശേഷിപ്പിച്ച ഇത് പ്രധാനമായും പിടിയിലാകാനുള്ള കുറ്റവാളികളിലും, രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളികളിലുമായിരിക്കും കൂടുതല്‍ ശ്രദ്ധയൂന്നുക. എത്രപേരുടെ മുഖങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുമെന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏകദേശം പത്ത് ലക്ഷത്തോളം പേരുടെ മുഖങ്ങള്‍ സ്‌കാന്‍ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.