യുകെ ഭവനവിപണി കടുത്ത സ്തംഭനാവസ്ഥയില്‍. ഒരു ഭാഗത്ത് കടമെടുപ്പ് ചെലവുകള്‍ ഉയരുന്നതിന്റെ ഭീതി വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് ഇടത് നിലപാടുകളുമായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇത് രണ്ടും ചേര്‍ന്ന് വിപണിയില്‍ വീട് വാങ്ങാന്‍ ആളുകള്‍ക്ക് ധൈര്യമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ മാസം കേവലം 56,205 മോര്‍ട്ട്‌ഗേജുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തിലെ 66,034 മോര്‍ട്ട്‌ഗേജുകളില്‍ നിന്നുമാണ് ഈ ഇറക്കം. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് ഇത്.
ജനുവരി മുതല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അഞ്ചില്‍ മൂന്ന് വീടുകളും വാങ്ങാന്‍ ആളെ കിട്ടിയിട്ടില്ലെന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ലയുടെ റിസേര്‍ച്ച് വ്യക്തമാക്കുന്നത്. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം വീടുകളുടെ വില്‍പ്പന 7 ശതമാനം താഴ്ന്നിട്ടുണ്ട്.
'ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടമില്ലാതാക്കിയത്. പ്രധാനമന്ത്രി മാറുന്നതും, ഭാവിയിലെ നികുതികള്‍ സംബന്ധിച്ച ചോദ്യങ്ങളും, ഓട്ടം ബജറ്റില്‍ ചെലവുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിക്കുന്നത്', റിപ്പോര്‍ട്ട് പറഞ്ഞു.
ഈ സമ്മറില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത മാസം കീര്‍ സ്റ്റാര്‍മറടെ പിന്‍ഗാമിയായി ബേണ്‍ഹാം അധികാരത്തിലേറുമെന്നാണ് പ്രതീക്ഷ. ഇടത് നിലപാടുകള്‍ ശക്തമായി പ്രയോഗിക്കുന്ന ബേണ്‍ഹാം വളര്‍ച്ചയ്ക്ക് പകരം ബെനഫിറ്റുകള്‍ക്കു മുന്‍ഗണന കൊടുത്താല്‍ പ്രതിസന്ധി രൂക്ഷമാകും.
ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ യുകെയിലെ ഭവനവില തുടരെ മൂന്നാം മാസവും വീണു. യുദ്ധം മൂലം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതാണ് പ്രധാന കാരണം. ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും, ഡിമാന്‍ഡിനെ ബാധിക്കുകയുമാണ്.
രാജ്യത്തെ ശരാശരി ഭവനവില മേയില്‍ 0.1% താഴ്ന്ന് 298,806 പൗണ്ടിലേക്ക് എത്തി. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഭവനവില ഇടിയുന്നതെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി. മേയില്‍ നിരക്ക് വര്‍ദ്ധനവിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് തിരിച്ചടി. ഏപ്രില്‍ മാസത്തില്‍ 0.1 ശതമാനവും, മാര്‍ച്ചില്‍ 0.5 ശതമാനവും നിരക്ക് താഴ്ന്നിരുന്നു.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ അനിശ്ചിതാവസ്ഥ പ്രോപ്പര്‍ട്ടി വിലയെ ബാധിക്കുന്ന ട്രെന്‍ഡ് തുടരുകയാണെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജ് മേധാവി അമാന്‍ഡ് ബ്രൈഡന്‍ പറഞ്ഞു.