ബിസിനസ്‌

എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി

ശക്തമായ എഐ മോഡലുകളുടെ ഉപയോഗത്തില്‍ അടിയന്തര പുനഃപരിശോധന വേണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഉന്നത സാമ്പത്തികകാര്യ നിയന്ത്രണ ഏജന്‍സി തലവന്‍. ധനകാര്യ മേഖല ഏതാനും ടെക് കമ്പനികളുടെ എഐ മോഡലുകളെയും ക്ലൗഡ് സേവനങ്ങളെയും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെയും അമിതമായി ആശ്രയിച്ചാല്‍ വലിയ തോതിലുള്ള സംവിധാന തകരാറിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിവെച്ചേക്കാമെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (FCA) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെല്‍ഡണ്‍ മില്‍സ് മുന്നറിയിപ്പ് നല്‍കി. ആന്ത്രോപിക്കിന്റെ 'ക്ലോഡ് മിത്തോസ്' മോഡലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളാണ് പുതിയ മുന്നറിയിപ്പിന് പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യങ്ങളുടെ സാമ്പത്തിക സംവിധാനങ്ങളിലും വ്യക്തികളുടെ ധനകാര്യ തീരുമാനങ്ങളിലും എഐ ടൂളുകള്‍ ചെലുത്തുന്ന സ്വാധീനം അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് നിയന്ത്രണ ഏജന്‍സിയുടെ ഇടപെടല്‍. നിലവിലുള്ള നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് ഷെല്‍ഡണ്‍ മില്‍സ് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ നാലിലൊന്ന് ആളുകള്‍ സാമ്പത്തിക ഉപദേശങ്ങള്‍ക്കായി എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നുവെന്ന കണ്ടെത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്.

സാമ്പത്തിക, ബാങ്കിങ് മേഖലകള്‍ ഏതാനും കമ്പനികളുടെ എഐ മോഡലുകള്‍, ക്ലൗഡ് സെര്‍വറുകള്‍, ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെ മാത്രം ആശ്രയിക്കുന്ന സാഹചര്യം അതീവ അപകടകരമാണെന്ന് മില്‍സ് ചൂണ്ടിക്കാട്ടുന്നു. ഒരു പ്രധാന ടെക് സേവനദാതാവിന്റെ പ്രവര്‍ത്തനം തടസപ്പെടുകയോ സൈബര്‍ ആക്രമണത്തിന് ഇരയാകുകയോ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം ഒരു സ്ഥാപനത്തില്‍ മാത്രം ഒതുങ്ങില്ല. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, പേയ്മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയവ ഒരേ സാങ്കേതിക സേവനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കില്‍ ഒറ്റ തകരാര്‍ തന്നെ ബ്രിട്ടീഷ് ധനകാര്യ സംവിധാനത്തിന്റെ വലിയൊരു ഭാഗത്തെ പ്രവര്‍ത്തനരഹിതമാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ശക്തമായ എഐ ടൂളുകളെ സര്‍ക്കാര്‍ നിരീക്ഷണത്തിനും നിയന്ത്രണത്തിനും കീഴില്‍ എങ്ങനെ കൊണ്ടുവരണമെന്ന കാര്യത്തില്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളണമെന്നും മില്‍സ് ആവശ്യപ്പെട്ടു.

കൂടാതെ എഐ മോഡലുകളുടെ സൈബര്‍ സുരക്ഷാ ശേഷിയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. സോഫ്റ്റ്വെയര്‍ സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകള്‍ വേഗത്തില്‍ കണ്ടെത്താനും സങ്കീര്‍ണമായ ഡിജിറ്റല്‍ സംവിധാനങ്ങളെ വിശകലനം ചെയ്യാനും ശേഷിയുള്ള പുതിയ എഐ മോഡലുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ബാങ്കിങ് മേഖലയുള്‍പ്പെടെ ഗുരുതര ഭീഷണി നേരിടേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അപകടസാധ്യതയുള്ള എഐ മോഡലുകള്‍ക്ക് ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യം അമേരിക്കയിലും ഉയര്‍ന്നതിന് പിന്നാലെയാണ് ബ്രിട്ടനിലും സമാനമായ ചര്‍ച്ച ശക്തമാകുന്നത്. അത്യാധുനിക എഐ സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കുന്നതിന് മുമ്പ് അവയുടെ കഴിവുകളും സുരക്ഷാ ഭീഷണികളും വിലയിരുത്തുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം വിവിധ രാജ്യങ്ങളില്‍ ശക്തമായിരിക്കുകയാണ്. എഐയുടെ വളര്‍ച്ച ധനകാര്യ സേവനങ്ങളില്‍ വേഗവും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെങ്കിലും ഏതാനും സ്വകാര്യ ടെക് കമ്പനികളില്‍ അമിത ആശ്രിതത്വം സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക അപകടത്തിന് വഴിവെച്ചേക്കുമെന്നാണ് ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions