ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 4% കൂടും; ജനുവരിയില്‍ വീണ്ടും 9% വര്‍ധനയ്ക്ക് സാധ്യത
യുകെയിലെ കുടുംബങ്ങളുടെ വിന്റര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് മാറ്റി എനര്‍ജി ബില്ലുകളുടെ ക്യാപ്പ് 4 ശതമാനം ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍. ഇലക്ട്രിസിറ്റി ബില്ലിലെ വാറ്റ് പൂര്‍ണ്ണമായി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന പ്രധാനമന്ത്രി ബേണ്‍ഹാമിന്റെ പ്രഖ്യാപനവും വെറുതെയായി.
ക്യാപ്പ് ഒക്ടോബര്‍ 1-ന് നിലവില്‍ വരും. ശരാശരി ബില്ലുകളില്‍ 60 പൗണ്ടിന്റെ വര്‍ധനവാണ് നേരിടുക. ഇതോടെ 2023ന് ശേഷം ഏറ്റവും ഉയര്‍ന്ന ബില്ലാണ് ജനങ്ങളെ തേടിയെത്തുക. വര്‍ഷത്തില്‍ 45 പൗണ്ട് ലാഭം കൈമാറാന്‍ 5% വാറ്റ് കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിലവിലെത്തുന്ന അതേ ദിവസമാണ് എനര്‍ജി ബില്‍ ക്യാപ്പും ഉയരുന്നത്.
എന്നാല്‍ പ്രതിസന്ധി ഇവിടം കൊണ്ടും തീരില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനുവരിയില്‍ അടുത്ത ക്യാപ്പ് പ്രഖ്യാപിക്കുമ്പോള്‍ 9% വര്‍ധന പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പ്രതിസന്ധി തുടരുന്ന അവസ്ഥയുണ്ടായാല്‍ ഇത് സംഭവിക്കുകയും ചെയ്യും.
പുതിയ പ്രൈസ് ക്യാപ്പ് കുടുംബങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്ന് ബേണ്‍ഹാം സമ്മതിച്ചു. എനര്‍ജി പ്രൈസുകള്‍ ഭാവിയില്‍ എങ്ങനെ കുറയ്ക്കാമെന്നാണ് ഗവണ്‍മെന്റ് പരിശോധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തങ്ങള്‍ അധികാരം നേടിയാല്‍ 300 പൗണ്ട് എനര്‍ജി ബില്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത ലേബര്‍ യഥാര്‍ത്ഥത്തില്‍ 400 പൗണ്ട് വര്‍ധനയ്ക്കാണ് മേല്‍നോട്ടം വഹിച്ചതെന്ന് ടോറികള്‍ ചൂണ്ടിക്കാണിച്ചു.
ഇറാന്‍ യുദ്ധമാണ് നിലവിലെ ഊര്‍ജബില്‍ വര്‍ധനയ്ക്ക് പ്രധാന കാരണമെന്ന് ഊര്‍ജ സെക്രട്ടറി മിയാറ്റ ഫാന്‍ബുലെ പറഞ്ഞു. കുടുംബങ്ങളെ താങ്ങാനാകാത്ത ബില്ലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
വര്‍ഷാവസാനത്തോടെ കൂടുതല്‍ സഹായം ആവശ്യമാണോ എന്ന് സര്‍ക്കാര്‍ വീണ്ടും പരിശോധിക്കുമെന്ന് ചാന്‍സലര്‍ ജോണ്‍ ഹീലിയും അറിയിച്ചു. ആഗോളതലത്തിലുള്ള ഇത്തരം വലിയ പ്രതിസന്ധിയുടെ ആഘാതം ഒരു സര്‍ക്കാരിനും പൂര്‍ണമായി തടയാനാകില്ലെന്നും എന്നാല്‍ പുതുവര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.