ഉഷ്ണ തരംഗത്തിന് പിന്നാലെ കനത്ത മഴയെ നേരിടാന്‍ ബ്രിട്ടന്‍. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.
ഇംഗ്ലണ്ടിലും, വെയില്‍സിലും നല്‍കിയിട്ടുള്ള മഞ്ഞ ജാഗ്രത മെറ്റ് ഓഫീസ് കൂടുതല്‍ ഭാഗങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം, ഇടിമിന്നലും നേരിടുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ ലണ്ടനും, സൗത്ത് വെസ്റ്റും ഒഴികെ സൗത്ത് ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലാണ് അലേര്‍ട്ട്. വെയില്‍സ് പൂര്‍ണ്ണമായി അലേര്‍ട്ടിലാണ്.
മൂന്ന് മണിക്കൂറില്‍ 30 എംഎം വരെയും, 12 മണിക്കൂറില്‍ 50 എംഎം വരെ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. യുകെ കടുത്ത വരള്‍ച്ചാ സൗഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിന് ഇടയിലാണ് മഴയെത്തുന്നത്. ഇംഗ്ലണ്ടിലെ കാല്‍ശതമാനം മേഖലകളും ഔദ്യോഗികമായി വരള്‍ച്ചയിലാണ്.
വെള്ളിയാഴ്ചയിലേക്കും അസ്ഥിരമായ സാഹചര്യങ്ങള്‍ തുടരുമെന്നാണ് മെറ്റ് വ്യക്തമാക്കുന്നത്. ഇതോടെ മഴ കൂടുതല്‍ നീണ്ടുനില്‍ക്കുമെന്ന് ഉറപ്പായി. സമ്മറിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് മഴ യുകെയെ തേടിയെത്തുന്നത്. ഇക്കുറി കനത്ത വേനലാണ് രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. രണ്ട് മാസം മഴ വിട്ടുനിന്നതോടെ പുഴകളും, റിസര്‍വോയറുകളും വറ്റി വരളുന്ന നിലയിലേക്ക് എത്തിയിരുന്നു.