നേപ്പാളില്‍ ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍പ്രളയത്തിന് പിന്നാലെ കാണാതായവരില്‍ 33 ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഡാര്‍ട്ട്‌ഫോര്‍ഡില്‍ നിന്നുള്ള കൈലാഷ് യാത്രക്ക് പുറപ്പെട്ട ബ്രിട്ടീഷ് നഴ്‌സ് ശാരദാ സിംഖാഡയെ കാണാതായിട്ടുണ്ട്.
തന്റെ ബന്ധുക്കള്‍ ദുരന്തത്തില്‍ ഒലിച്ച് പോയെന്ന് നോണ്‍-റസിഡന്റ് നേപ്പാളി അസോസിയേഷന്‍ യുകയെ നയിക്കുന്ന എസെക്‌സ് നഴ്‌സ് രാജേന്ദ്ര പുഡസെയിനി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പെട്ട ബ്രിട്ടീഷുകാരെ സഹായിക്കാന്‍ യുകെ ഫോറിന്‍ ഓഫീസിന്റെ ക്രൈസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതായി ഫോറിന്‍ സെക്രട്ടറി എഡ് മിലിബന്ദ് പറഞ്ഞു. നേപ്പാളില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടന്‍ ടീമിനെ അയച്ചിട്ടുണ്ട്. കൂടാതെ 5 മില്ല്യണ്‍ പൗണ്ട് ധനസഹായവും പ്രഖ്യാപിച്ചു.
കൈലാഷ് ജേര്‍ണീസ് എന്ന ടൂര്‍ ഓപ്പറേറ്റര്‍ തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഏഴ് ബ്രിട്ടീഷ് പൗരന്മാരെക്കുറിച്ച് വിവരമില്ലെന്ന് സ്ഥിരീകരിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.ട്രെക്കേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ മൗണ്ട് കൈലാഷിലേക്ക് യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് പൗരന്മാരില്‍ ഒമ്പത് പേരെക്കുറിച്ചും വിവരമില്ല. 14, 50, 50, 54 വയസ്സുള്ള നാല് പുരുഷന്മാരും 40, 46, 50, 50, 53 വയസ്സുള്ള അഞ്ച് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്.
അല്‍പൈന്‍ ഇക്കോ ട്രെക്ക് എന്ന ടൂര്‍ കമ്പനിയുടെ സംഘത്തിലും നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെട്ടിരുന്നു. കാണാതായവരില്‍ 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. രണ്ട് ഐറിഷ് പൗരന്മാരെയും കാണാതായതായി കമ്പനി അറിയിച്ചു.
ഒമ്പത് ദിവസത്തെ മൗണ്ട് കൈലാഷ് യാത്രയുടെ ഭാഗമായി നേപ്പാളില്‍ നിന്ന് ടിബറ്റിലേക്ക് കടക്കുന്നതിനിടെയാണ് പ്രളയം ഉണ്ടായത്. അതിര്‍ത്തിയില്‍ കുടുങ്ങിയ സംഘത്തിന് പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ പോവുകയായിരുന്നു.
അല്‍പൈന്‍ ഇക്കോ ട്രെക്കിന്റെ യാത്രാ രേഖകള്‍ പ്രകാരം 65, 64, 52 വയസ്സുള്ള മൂന്ന് പുരുഷന്മാരും 44, 47, 51, 60, 63, 63, 65 വയസ്സുള്ള ഏഴ് സ്ത്രീകളും ഉള്‍പ്പെടെ നിരവധി ബ്രിട്ടീഷ് പൗരന്മാരെയും കാണാതായിട്ടുണ്ട്.
അതേസമയം, മൗണ്ട് കൈലാഷിലേക്ക് യാത്ര ചെയ്തിരുന്ന 47 പേരടങ്ങുന്ന സംഘവുമായി ബന്ധം നഷ്ടപ്പെട്ടതായി ഹിമാലയന്‍ ഗ്ലേസിയര്‍ യുഎസ് എന്ന ടൂര്‍ കമ്പനി അറിയിച്ചു. സംഘത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാരുണ്ടായിരുന്നു. മറ്റൊരു നേപ്പാള്‍ ട്രാവല്‍ ഏജന്‍സിയായ ഫിഷ്ടെയില്‍ ടൂര്‍സും ഒരു ബ്രിട്ടീഷ് പൗരനെ കാണാതായതായി സ്ഥിരീകരിച്ചു.
പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തില്‍ ഒഴുകിയെത്തിയ വെള്ളം നിരവധി ഗ്രാമങ്ങളെ തകര്‍ത്തു. ഏകദേശം 1,400 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് നേപ്പാള്‍ അധികൃതര്‍ അറിയിച്ചത്. കാണാതായവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചെന്നോ, ശരീരം പോലും തിരികെ കിട്ടുമോയെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍. 400 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.