ബ്രിട്ടന്റെ പണപ്പെരുപ്പം 3.1 ശതമാനത്തില്‍ എത്തിയതോടെ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്കൊപ്പം ബജറ്റില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ വരുമെന്ന ആശങ്കയില്‍ ജനം. ആഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം 3.1 ശതമാനത്തിലേക്ക് വര്‍ധിച്ചതായി ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കി. ജൂലൈയിലെ 2.9 ശതമാനത്തില്‍ നിന്നുമാണ് ഈ കുതിച്ചുചാട്ടം. നിരക്കുകള്‍ ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മിഡില്‍ ഈസ്റ്റ് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയുടെ തുടക്കം മാത്രമാണ് ഇതെന്നാണ് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
എണ്ണവില ശരവേഗത്തിലാണ് കുതിച്ചുയരുന്നത്. ഇറാനും, അമേരിക്കയും പോരാട്ടം നിര്‍ത്തിയില്ലെന്ന് മാത്രമല്ല സൗദിക്ക് നേരെ ഹൂതികളെ ഉപയോഗിച്ച് ഇറാന്‍ പോരാട്ടം കടുപ്പിക്കുന്നുണ്ട്. എണ്ണ വില ബാരലിന് 108 ഡോളര്‍ വരെ കയറുന്ന കാഴ്ച ലോകത്തിന് ആശങ്ക സമ്മാനിക്കുന്നുണ്ട്.
ജനുവരിയോടെ എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമെന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്. ബജറ്റില്‍ കണക്ക് എങ്ങനെ ശരിയായി നിര്‍ത്തുമെന്ന സംശയത്തിലാണ് ഗവണ്‍മെന്റും. അടുത്ത വര്‍ഷം സിപിഐ 4 ശതമാനത്തിലേക്ക് എത്തുമെന്ന് ചില അനലിസ്റ്റുകള്‍ കരുതുന്നു.
കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പല തവണ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് വിപണികളുടെ പ്രവചനം. ഇന്നാണ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് പിടിച്ചുകെട്ടാന്‍ ബേസ് റേറ്റില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഏത് വിധത്തിലാകുമെന്നാണ് ആശങ്ക.
നിലവിലെ 3.75 ശതമാനത്തില്‍ റേറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. മോര്‍ട്ട്‌ഗേജ് വിപണികള്‍ ഈ പ്രതീക്ഷയില്‍ ലെന്‍ഡിംഗ് നിരക്കുകള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു.