സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന നിയമോപേദശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപികരിക്കുമെന്നാണ് വിവരം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
രണ്ടാഴ്ച മുന്‍പാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാമെന്ന് സെപ്റ്റംബര്‍ പതിനെട്ടിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയിരുന്നു. പിണറായി വിജയന് പുറമേ, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടാം തീയതിയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു.
ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. ഡിജിപി കത്ത് ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയുമായിരുന്നു.
അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി അസഫലി നല്‍കിയ നിയമോപദേശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിയുന്ന തെളിവുകള്‍ ഇഡി നല്‍കിയ കത്തില്‍ ഉണ്ടെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് പിന്നാലെ വിഷത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.