യു.കെ.വാര്‍ത്തകള്‍

പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കി ദേശീയ കെയര്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആന്‍ഡി ബോണ്‍ഹാം

ബ്രിട്ടന്റെ രാഷ്ട്രീയ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിലാണ് പ്രഖ്യാപനം. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കുക, ബ്രെക്‌സിറ്റ് പുനഃപരിശോധിക്കുക, രാജ്യത്തെ നിലവിലെ വോട്ടിങ് സമ്പ്രദായം മാറ്റുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ നിലവിലെ രീതികള്‍ മാറ്റി പുതിയ ദിശയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പെന്‍ഷന്റെ മൂല്യം സംരക്ഷിക്കുന്ന ട്രിപ്പിള്‍ ലോക്ക് സംവിധാനം ഒഴിവാക്കി ലഭിക്കുന്ന തുക സാമൂഹിക പരിചരണത്തിനായി ദേശീയ കെയര്‍ സര്‍വീസ് ആരംഭിക്കാന്‍ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. അല്‍ഷിമേഴ്‌സ് ബാധിച്ച് ഈ മാസം അന്തരിച്ച പിതാവ് റോയിയുടെ ഓര്‍മയ്ക്കായി വൈകാരികമായാണ് ബേണ്‍ഹാം ഈ പദ്ധതി അവതരിപ്പിച്ചത്. പിതാവിന്റെ അവസാന നാളുകള്‍ കെയര്‍ ഹോമിലായിരുന്നു.

അതേസമയം, ട്രിപ്പിള്‍ ലോക്ക് ഒഴിവാക്കുന്നതിലൂടെ അടുത്ത ദശകത്തിന്റെ അവസാനത്തോടെ പെന്‍ഷന്‍കാര്‍ക്ക് പ്രതിവര്‍ഷം 15 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കെയര്‍ സര്‍വീസിന് പണം കണ്ടെത്താന്‍ നികുതി വര്‍ധന ആവശ്യമായി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പുതിയ പദ്ധതി വ്യക്തിഗത പരിചരണച്ചെലവുകള്‍ മാത്രമേ ഉള്‍ക്കൊള്ളൂവെന്നും താമസസൗകര്യത്തിനുള്ള ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍, പ്രായമായവരുടെ പരിചരണത്തിനായി ചിലര്‍ക്ക് വീടുകള്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യം തുടര്‍ന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

ബ്രക്‌സിറ്റ് ബ്രിട്ടന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്ന നിലപാടിലാണ് ബേണ്‍ഹാം. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള വിവിധ നിര്‍ദേശങ്ങള്‍ ഈ ശരത്കാലത്ത് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മുമ്പ് പ്രസിദ്ധീകരിക്കും. യൂറോപ്യന്‍ ഏകീകൃത വിപണിയിലും കസ്റ്റംസ് യൂണിയനിലും വീണ്ടും പങ്കാളിയാകുന്നതു മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണമായി തിരിച്ചുചേരുന്നതുവരെയുള്ള സാധ്യതകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കും.

തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റം വരുത്താനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം. നിലവിലെ ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് രീതി ഒഴിവാക്കി പുതിയ സംവിധാനം കൊണ്ടുവരുന്നതിനായി ദേശീയ തിരഞ്ഞെടുപ്പ് പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കും. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും. നൂറിലേറെ വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി മൂന്ന് പ്രധാന ലെന്‍ഡര്‍മാര്‍
  • സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
  • വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധ; യുകെ മലയാളി അനില്‍ തോമസ് വിടവാങ്ങി
  • അടുത്ത മാര്‍ച്ച് മുതല്‍ 16 വയസില്‍ താഴെ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം
  • ഭീകരാക്രമണത്തിന് ശ്രമിച്ച 5 യുകെ പൗരന്‍മാരെ ജാമ്യത്തില്‍ വിട്ട് ഞെട്ടിച്ചു പോലീസ്
  • ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും!
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഇളവിന് സാധ്യത; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റിന് കാത്തിരിപ്പ് വേണ്ടിവരില്ല
  • ബ്രിട്ടനിലുള്ളത് 42 ദിവസത്തേക്കുള്ള ഡീസല്‍; ഇന്ധന അടിയന്തരാവസ്ഥ സാധ്യത തള്ളാതെ സര്‍ക്കാര്‍
  • യുകെയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍
  • ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍; ആശങ്കയുമായി ബി.എം.എ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions