വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലിരിക്കെ യുകെ മലയാളി അന്തരിച്ചു. കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് പയറ്റുവിളയില്‍ കുടുംബാംഗമായ അനില്‍ തോമസ് (56) ആണ് മരിച്ചത്. ചികിത്സയ്ക്കിടെ ഉണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.
ഒരു മാസം മുമ്പാണ് അനില്‍ തോമസിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചികിത്സയ്ക്കിടെ വൃക്കയില്‍ അണുബാധയുണ്ടാവുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. മാഞ്ചസ്റ്റര്‍ എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഭാര്യ ഹാഷ്ലി കുര്യന്‍ ബേണ്‍ലി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകന്‍ ഷോണ്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ വിദ്യാര്‍ഥിയാണ്. മകള്‍ ഫെയ്ത്ത് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ്.
മാഞ്ചസ്റ്ററിലെ ഹെവന്‍ ലിഫീസ്റ്റ് ചര്‍ച്ച് അംഗങ്ങളാണ് കുടുംബം. ബേണ്‍ലി പെന്‍ഡില്‍ മലയാളി അസോസിയേഷന്‍ അംഗമായിരുന്ന അനില്‍ തോമസിന്റെ അപ്രതീക്ഷിത വിയോഗം ബേണ്‍ലിയിലെ മലയാളി സമൂഹത്തിനും വലിയ വേദനയായി. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.