സന്ദര്‍ലാന്‍ഡില്‍ കാര്‍ പുഴയിലേക്ക് വീണു മൂന്ന് കൗമാരക്കാര്‍ മരിച്ചു
സന്ദര്‍ലാന്‍ഡില്‍ വഴിയരികിലെ ബാരിയര്‍ തകര്‍ത്ത് കാര്‍ വിയര്‍ നദിയിലേക്ക് വീണ് മൂന്ന് കൗമാരക്കാര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. വിയര്‍മൗത്ത് ബ്രിഡ്ജിനു സമീപം പാന്‍സ് ബാങ്കില്‍ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നരമണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടന്‍ എമര്‍ജന്‍സി സേവനവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിച്ചേര്‍ന്നിരുന്നു. അപകടം നടക്കുമ്പോള്‍ കറുത്ത ഓഡി എ 3 യ്ക്ക് അകത്ത് നാല് കൗമാരക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് കരുതപ്പെടുന്നത്. അതില്‍ 17 കാരനായ ഡ്രൈവര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളുടെയും ഒരു കൗമാരക്കാരിയുടെയും മൃതദേഹം നദിയില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഗുരുതരമല്ലാത്ത പരിക്കുകള്‍ പറ്റിയ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സകള്‍ നല്‍കിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ അപകടത്തില്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ഉള്‍പ്പെട്ടിട്ടില്ല എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ആര്‍.എന്‍.എല്‍.ഐയും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വലിയ സന്നാഹമാണ് രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്ത് എത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍ മരിച്ച കൗമാരക്കാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി നോര്‍ത്ത് ഈസ്റ്റ് മേയര്‍ കിം മക്ഗിനെസ്സും സണ്ടര്‍ലാന്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബും അറിയിച്ചു. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളോ ഊഹാപോഹങ്ങളോ നടത്തരുതെന്ന് നോര്‍ത്തുംബ്രിയ പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളോ ഡാഷ്‌ക്യാം ഫൂട്ടേജുകളോ കൈവശമുള്ളവര്‍ വിവരം നല്‍കി അന്വേഷണവുമായി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.