യുകെയില്‍ ഹോം ലോണെടുത്ത കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ വീണ്ടും വര്‍ദ്ധന. പണപ്പെരുപ്പവും, പലിശ നിരക്കുകളും ഉയരുമെന്ന പ്രതീക്ഷയില്‍ ഇതിനായുള്ള ഒരുക്കത്തിലാണ് ലെന്‍ഡര്‍മാര്‍.
നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി, വിര്‍ജിന്‍ മണി, ടിഎസ്ബി എന്നിവരാണ് തങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ 5 ശതമാനത്തില്‍ താഴെ ലഭിച്ചടിരുന്ന ഡീലുകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നുവെന്നതാണ് അവസ്ഥ. നിരക്കുകള്‍ മിക്കതും 5 മുതല്‍ 5.5 ശതമാനം വരെ തോതിലാണ് ലഭ്യമാകുന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ പ്രധാന ലെന്‍ഡര്‍മാരില്‍ പലരും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന്‍ യുദ്ധം എനര്‍ജി വിലകള്‍ കുതിച്ചുയരാന്‍ ഇടയാക്കുമ്പോള്‍ പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയിലാണ് ഈ നീക്കം. ആറ് മാസം മുന്‍പത്തെ നിലയില്‍ നിന്നും ഏറെ വ്യത്യസ്തമായ അവസ്ഥയിലാണ് സമ്പദ് വ്യവസ്ഥ.
വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസം രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 4 ശതമാനത്തില്‍ താഴെ ലഭിക്കുമായിരുന്നു. ഇപ്പോള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 5.02 ശതമാനത്തിലും, രണ്ട് വര്‍ഷത്തേത് 5.01 ശതമാനത്തിലുമൊക്കെയാണ് ലഭിക്കുന്നത്.