ന്യൂഡല്‍ഹി : ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ലക്‌ഷ്യം കണ്ടതിന്റെ ഫലമായി ഇന്ത്യയില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം പത്തു വര്‍ഷത്തിനിടെ പകുതിയിലേറെ കുറഞ്ഞു. 2000ല്‍ 2.7 ലക്ഷമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത എച്ച്.ഐ.വി കേസുകള്‍. 2009ല്‍ ഇത് 1.2 ലക്ഷമായി കുറഞ്ഞെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. 56 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഇടപെടലുകള്‍ കാരണമാണ് ഇത് സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഭരണകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും എന്‍.ജി.ഒകളുടെയും പൊതുസമൂഹത്തിന്റെയും സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഐ.വി ബാധിതരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഇനിയും കുറയുമെന്നാണ് പുതിയ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും 2015 ആകുമ്പോഴേക്കും പുതുതായി 22 മില്യണ്‍ ആളുകള്‍ക്ക് രോഗം പിടിപെടുമെന്നാണ് കണക്കെന്ന് ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു. എന്നാല്‍ ബോധവത്കരണ പരിപാടികളിലൂടെ എച്ച്.ഐ.വി പടരുന്നത് തടയാം.