ലണ്ടന്‍ : 'അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല' എന്ന് ഇനി ആരും പറയരുത്. കാരണം കഷണ്ടിക്കുള്ള മരുന്ന് ഉടന്‍ തന്നെ വിപണിയില്‍ എത്തും. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍മാരാണു കഷണ്ടിക്കുള്ള മരുന്നു കണ്ടുപിടിച്ചത്. മുടി കൊഴിച്ചിലിനു കാരണമാകുന്ന എന്‍സൈം ഇവര്‍ കണ്ടുപിടിക്കുകയും ഇവയുടെ പ്രവര്‍ത്തനം തടഞ്ഞു മുടി വളരുമെന്നും ഇത് കഷണ്ടി ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നു വിപണിയില്‍ ലഭിക്കുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ജോര്‍ജ് കോറ്റ്‌സാലറിസ് പറഞ്ഞു.
എന്‍സൈം പ്രോസ്റ്റഗ്ലന്‍ഡിന്‍ ഡി 2 ആണു മുടി കൊഴിച്ചിലിനു കാരണമാകുന്നത്. മുടി കൊഴിയുന്ന ഭാഗങ്ങളില്‍ ഈ എന്‍സൈമിന്റെ സാന്നിദ്ധ്യം ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. കഷണ്ടിക്കാരിലും ഇതേ അവസ്ഥയാണ് ഉള്ളത്. ഇവയുടെ സാന്നിധ്യം വര്‍ധിക്കുന്നതോടെ പുതിയ മുടി വളരാനുള്ള സാധ്യത കുറവാണ്. ഇവയുടെ പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ മുടികള്‍ വളരുന്നതായി കണ്ടെത്തി.
ലോഷന്‍ രൂപത്തിലായിരിക്കും ഈ മരുന്നു വിപണിയില്‍ എത്തിക്കുക. ഇവ തലയില്‍ പുരട്ടിയാല്‍ മുടി വളരും. എലികളിലാണു ഗവേഷകര്‍ പഠനം നടത്തിയത്. മുടി കൊഴുന്ന വനിതകള്‍ക്കും ഈ മരുന്നു ഫലപ്രദമാണെന്നു ഗവേഷകര്‍ പറഞ്ഞു. പുരുഷന്‍മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്കാണു മുടി കൊഴിച്ചില്‍ പ്രധാന പ്രശ്നം. 40 ശതമാനം സ്ത്രീകള്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ട്. അമ്പതു വയസ് കഴിയുന്ന പുരുഷന്‍മാരില്‍ പകുതിയില്‍ അധികവും കഷണ്ടി ബാധിക്കുന്നു. ഈ മരുന്നു വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്.
പാര്‍ശ്വഫലങ്ങള്‍ വളരെ ഉള്ള രണ്ടു മരുന്നുകള്‍ മാത്രമാണ് മുടി കൊഴിച്ചിലിന് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. കഷണ്ടിയ്ക്കുള്ള മരുന്ന് പുറത്തിറക്കാന്‍ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ശാസ്ത്രജ്ഞന്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരുകൂട്ടരും ധാരണയില്‍ എത്തിയതോടെ കഷണ്ടിക്കാര്‍ക്ക് വലിയൊരു തലവേദന ഒഴിവാകും എന്ന് പ്രതീക്ഷിക്കാം. ബ്രിട്ടണില്‍ 7.4 മില്യണ്‍ പുരുഷന്‍മാരും കഷണ്ടിക്കാരാണ്.