ലണ്ടന്‍ : അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗം ബാധിച്ചവരെ ചികിത്സിക്കാനും അവരില്‍ പഴയ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്താനും പുതിയ ചികിത്സാ രീതിയുമായി ബ്രിസ്റ്റോളിലെ കെയര്‍ ഹോം വാര്‍ത്തകളില്‍. രോഗികളെ പഴമയിലെയ്ക്ക് കൊണ്ടുപോയി കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യങ്ങള്‍ പുനര്‍സൃഷ്ടിച്ചാണ് അവരിതു സാധ്യമാക്കുന്നത്. പഴയ കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ ഒരു സ്ട്രീറ്റ് തന്നെ നിര്‍മിച്ചിരിക്കുകയാണ്.
1950 കളെ ഓര്‍മിപ്പിക്കുന്ന മെമ്മറി ലെയ്ന്‍ എന്ന ഈ ചെറു നഗത്തില്‍ പരമ്പരാഗത ലോക്കല്‍ പബ്, ക്വന്റ് കഫെ, ഗ്രീന്‍ഗ്രോസെഴ്‌സ്, ഭിത്തികളില്‍ ഒക്‌സോ പരസ്യങ്ങള്‍, മേശയില്‍ റേഷന്‍ ബുക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഇതിലൂടെ നടക്കുമ്പോള്‍ ഇവര്‍ക്ക് ഓര്‍മകള്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവ നിര്‍മിച്ചത്. 50 കളിലെ ചിത്രങ്ങള്‍ പരിശോധിച്ച ശേഷമാണു ഇവ രൂപകല്‍പ്പന ചെയ്തത്. അമ്പതുകളിലെ തെരുവ്, തെരുവിലെ പരസ്യ ചിത്രങ്ങള്‍, ചുവര്‍ എഴുത്തുകള്‍, പഴയകാലത്തെ ഫോണ്‍ ബോക്സ്, ഹൈസ്ട്രീറ്റ് പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയവ അതേപടി പുനര്‍നിര്‍മിച്ചിരിക്കുകയാണ്.
ചാരിറ്റി ഷോപ്പുകള്‍, ഓണ്‍ലൈന്‍ ലേല കമ്പനികള്‍ എന്നിവ വഴി ഇവയ്ക്ക് ആവശ്യമായ വസ്തുക്കള്‍ സംഘടിപ്പിച്ചു. ഓക്‌സോ, ബിസ്‌റ്റോ, വാള്‍സ് പരസ്യങ്ങള്‍, പഴയ ഫോണ്‍ ബോക്‌സ്, പോസ്റ്റ് ബോക്‌സ് എന്നിവ യഥാര്‍ഥമായി സ്ഥാപിച്ചു. പഴയ കാലഘട്ടത്തിലെ മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവ കടകളില്‍ ലഭ്യമാണ്. ഗ്രീന്‍ഗ്രോസെഴ്‌സില്‍ പുതിയ കേക്കുകള്‍ ഷോപ്പില്‍ ലഭിക്കും. പുകയില ടിന്നുകള്‍, ബിയര്‍ മാറ്റ്‌സ്, ബിയര്‍ സ്റ്റുള്‍ എന്നിവയും പോസ്റ്റ് കാര്‍ഡുകള്‍, ഷേവിംഗ് സെറ്റ് എന്നിവയും ഇവിടെ ലഭ്യമാണ്. തണുത്ത ബിയര്‍, ചായ, കാപ്പി എന്നിവ കുടിക്കാനും സൗകര്യമുണ്ട്.
ഗ്രോവ് കെയര്‍ ആണു ഈ സട്രീറ്റ് നിര്‍മിച്ചത്. ബ്രിസ്‌റ്റോളിലെ വിന്റര്‍ബോണിലുള്ള 80 വീട്ടുകാരുടെ സഹകരണവും ഇതിനുണ്ടെന്നു മാനെജര്‍ ക്രിസ്റ്റഫര്‍ ടെയ്‌ലര്‍ പറഞ്ഞു. ഓര്‍മകുറവുള്ളവര്‍ പബില്‍ വരികയും ബിയര്‍ കുടിക്കുകയും ചെയ്യുമ്പോള്‍ പഴയകാല ഓര്‍മകള്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ട്. ഓര്‍മകള്‍ തിരിച്ചു കിട്ടാനുള്ള മറ്റൊരു നല്ല മാര്‍ഗമാണു പോസ്റ്റ് ഓഫിസുകള്‍. ഇവരുടെ രോഗത്തിന് ഒരു പരിധിവരെ മാറ്റം വരാന്‍ ഈ സ്ട്രീറ്റ് വഴി സാധിക്കുമെന്നാണു കരുതുന്നത്. എഴുപതുകളിലെ സാഹചര്യം പുന:സൃഷ്ടിക്കുന്ന ബിബിസി ഷോ 'ദി യംഗ് വന്‍സു'മായി സാമ്യമുണ്ട് ഈ സ്ട്രീറ്റിനു.