ആരോഗ്യം

യു.കെ ജനതയ്ക്ക് പേടിക്കാന്‍ മറ്റൊന്നുകൂടി; സാര്‍സിന് സമാനമായ വൈറസ് ബാധിച്ച രോഗി ലണ്ടനില്‍

ലണ്ടന്‍ : യു.കെ ജനതയ്ക്ക് ആശങ്കയുളവാക്കി സാര്‍സിന് സമാനമായ വൈറസ് യു.കെയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖത്തറില്‍ ജനിച്ചു ബ്രിട്ടനില്‍ ജീവിക്കുന്ന സമ്പന്നനായ ഒരാള്‍ സാര്‍സിന് തുല്യമായതും സമാന ഗണത്തില്‍പ്പെടുന്നതുമായ വൈറസ് ബാധയേറ്റ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദി അറേബ്യയില്‍വച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്ന് പറയപ്പെടുന്നു. 49 കാരനായ ഇയാളെ നിരീക്ഷിച്ചു വരുകയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

2002നും 2003നുമിടയില്‍ ലോകത്ത്‌ 900 പേരുടെ ജീവനെടുത്ത മാരകമായ സാര്‍സിനെ ചെറുക്കാനുള്ള മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. സാര്‍സിന് സമാനമായ വൈറസായതിനാല്‍ യുകെയിലെ ആരോഗ്യമേഖല ജാഗ്രതയിലാണ്. പുതിയ രോഗം ഇത്‌ ലോകത്ത്‌ രണ്ടാമത്തെ രോഗിക്കാണ്. സൗദി അറേബ്യയില്‍ത്തന്നെയുണ്ടായിരുന്ന ആദ്യ രോഗി ജൂലൈയില്‍ മരിച്ചിരുന്നു. അവിടെ ഇനിയും ഇത്തരം രോഗികളുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സൗദി അറേബ്യയില്‍നിന്ന് വൈറസ് ബാധിച്ചതിനുശേഷം ഖത്തറിലെത്തിയ ഇയാള്‍ക്ക് കടുത്ത നെഞ്ചുവേദനയാണ് ആദ്യം അനുഭവപ്പെട്ടത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇയാളെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വകാര്യ എയര്‍ ആംബുലന്‍സില്‍ ബ്രിട്ടനില്‍ എത്തിക്കുകയായിരുന്നു. ആദ്യം ലണ്ടനിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് എന്‍എച്ച്എസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റില്‍ കഴിയുന്ന ഇയാളെ രക്ഷിക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഇയാളുടെ സമീപമെത്തുന്ന എല്ലാ മെഡിക്കല്‍ ജീവനക്കാരും മാസ്‌ക്കും ഗ്ലൗസും ധരിക്കുന്നുണ്ട്. ഈ വൈറസ് പൊതുജനത്തിന് എത്രമാത്രം ഭീഷണിയുയര്‍ത്തുമെന്ന് എച്ച്പിഎയ്ക്ക് വ്യക്തമായ ധാരണയില്ല.

മൂന്നാമതൊരു രോഗിയെക്കുറിച്ച് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി (എച്ച്പിഎ)ക്ക് ആശങ്കയുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഖത്തറിലെ രോഗിയുമായി ഇടപഴകിയിട്ടുള്ള എല്ലാവരെയും കര്‍ശന പരിശോധനയ്ക്ക് വിധേയനാക്കാന്‍ ഏജന്‍സി ഉത്തരവിട്ടിട്ടുണ്ട്. ഇതേ രോഗത്താല്‍ ഒരു ബ്രിട്ടനില്‍ മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്കും മിഡില്‍ ഈസ്റ്റില്‍നിന്നാണത്രെ രോഗം പിടിപെട്ടത്‌.

പനി, ചുമ, ശ്വാസതടസ്സം എന്നിവയ്‌ക്കു ഈ രോഗം കാരണമാകും. രോഗബാധിതനായ ഒരാള്‍ തുമ്മുമ്പോഴൊ ചുമയ്‌ക്കുമ്പോഴോ അന്തരീക്ഷത്തിലെത്തുന്ന ഇവ പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്‌. സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗിയ്ക്കും ഈ ഖത്തര്‍ പൗരനും പനിയും ജലദോഷവും ശ്വാസതടസവുമാണ് ആദ്യം അനുഭവപ്പെട്ടത്.

ഈ രോഗം ബാധിച്ചാല്‍ വളരെ ശ്രദ്ധാപൂര്‍വമായ ചികിത്സകള്‍ ആവശ്യമാണ്‌. രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ലക്ഷണങ്ങള്‍ക്കായി ചികിത്സിക്കുകയാണ് പതിവ്. ഇവയുടെ ഉത്ഭവത്തെക്കുറിച്ചും വ്യക്തമായ അറിവുകളൊന്നും തന്നെ ലഭ്യമല്ല. എങ്കിലും ഈ ഗണത്തില്‍പ്പെട്ട മറ്റു വൈറസുകള്‍ക്ക്‌ രൂപമാറ്റം സംഭവിച്ചുണ്ടായതാകാം ഇതെന്നു കരുതുന്നു.

2002 നവംബറില്‍ ചൈനയിലെ ഒരു കര്‍ഷകനിലാണ് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം എന്ന സാര്‍സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2003 ജൂലൈ വരെ ലോകത്തെയാകെ നടുക്കിക്കൊണ്ട് 37 രാജ്യങ്ങളിലേക്ക് അതു വ്യാപിച്ചു. 8400 പേരെ ബാധിച്ചുവെങ്കിലും 900 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. യുകെയില്‍ നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും ആരും മരിച്ചില്ല.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions