ആരോഗ്യം

കൊലയാളി ബാക്ടീരിയ പടരുന്നു; ബ്രിസ്റ്റോളില്‍ കുഞ്ഞു മരിച്ചു,12 പേര്‍ക്ക് രോഗബാധ

ലണ്ടന്‍ : വെള്ളത്തില്‍ നിന്നു പകരുന്ന കൊലയാളി ബാക്ടീരിയ യു.കെയില്‍ പടരുന്നു. കുട്ടികളെ എളുപ്പം ബാധിക്കുന്ന സൂഡോമോണാസ് എയ്‌റുഗിനോസ എന്ന ബാക്ടീരിയ ബാധയേറ്റ് ബ്രിസ്റ്റോളിലെ സൗത്ത്‌മെഡ് ആശുപത്രിയില്‍ മാസംതികയാതെ പ്രസവിച്ച കുഞ്ഞു മരിക്കുകയും 12 കുട്ടികള്‍ക്കു രോഗാണു ബാധ ഉണ്ടാകുകയും ചെയ്തതോടെ മലയാളി നഴ്സുമാര്‍ ആശങ്കയിലാണ്. യു.കെയിലെ ഒട്ടേറെ എന്‍എച്ച്എസ് ആശുപത്രികളില്‍ ഈ ബാക്ടീരിയ മൂലം കുട്ടികള്‍ അടുത്തിടെ മരിച്ചിരുന്നു.

ഓഗസ്റ്റിലാണ് കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മറ്റു 12 പേരില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ പ്രതിരോധ ശേഷി വളരെ കുറവായിരുന്നതുകൊണ്ടാണ് അത്യാഹിതം സംഭവിച്ചത്. ഇതേത്തുടര്‍്ന്ന് രാജ്യത്തെ നിയോനാറ്റല്‍ ഐസിയുവികളില്‍ കര്‍ക്കശമായ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നടപടികള്‍ കൈക്കൊണ്ടതായി അധികൃതര്‍ പറഞ്ഞു.

മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്താന്‍ കഴിയുന്നവയാണിത്. മണ്ണിലും കരയിലെ വെള്ളത്തിലും സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയയെ ദുര്‍ബല പ്രതിരോധ സംവിധാനമുള്ളവരില്‍ അപകടം വിതയ്ക്കും. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളും ക്യാന്‍സര്‍ രോഗികളും അതിനാല്‍ ഈ ബാക്ടീരിയയുടെ ഇരയാകാന്‍ എളുപ്പമാണ്. രോഗം കണ്ടെത്തിയ കുഞ്ഞുങ്ങളില്‍ ഒരാള്‍ക്കു മാത്രമാണ് തീവ്ര ചികിത്സ വേണ്ടിവന്നത്. ബാക്കിയുള്ള കുട്ടികളെ പ്രത്യേകം ഐസോലേഷന്‍ വാര്‍ഡിലേക്കു മാറ്റി. രോഗാണു കണ്ടെത്തിയിട്ടുള്ള ആശുപത്രികളെല്ലാം മുന്‍കരുതല്‍ എടുക്കണമെന്നും ബാക്ടീരിയ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ലഭ്യമാണെന്നും നോര്‍ത്ത് ബ്രിസ്റ്റള്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഡോ. ക്രിസ് ബര്‍ട്ടന്‍ പറഞ്ഞു.

യു.കെയിലെ കുടിവെള്ള വിതരണ പൈപ്പ്‌ലൈനുകളിലും ഈ ബാക്ടീരിയ കടന്നുകൂടിയിട്ടുണ്ടെന്നാണ് സൂചന. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കുഞ്ഞുങ്ങളെ ബാധിച്ച ബാക്ടീരിയ ആര്‍ക്കും പിടിപെടാവുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതിനാല്‍
ടാപ്പ് വെള്ളം ശുദ്ധീകരണത്തിനുശേഷം മാത്രം ഉപയോഗിക്കണം. കുഞ്ഞുങ്ങളെ കിടത്തുന്ന സ്ഥലവും ശുചിയായിരിക്കാന്‍ ശ്രദ്ധിക്കണം. യൂണിറ്റിലെ മാതാപിതാക്കള്‍ക്കെല്ലാം ഇതേക്കുറിച്ചു നിര്‍ദേശം നല്‍കിയെന്നും ബര്‍ട്ടന്‍ പറഞ്ഞു.

രോഗ സാധ്യത കുറയുംവരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് എച്ച്പിഎ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മനുഷ്യരുടെ ചര്‍മത്തിലാണ് രോഗാണു ഏറ്റവും കൂടുതല്‍ കാണുന്നതെങ്കിലും മെഡിക്കല്‍ ഉപകരണങ്ങളിലൂടെയും പടരാന്‍ ഇടയുണ്ട്. ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്ന കഥീറ്റര്‍, ഫീഡിങ് ട്യൂബുകള്‍ പോലുള്ള ഉപകരണങ്ങളിലൂടെ അത് ഉള്ളിലേക്ക് പ്രവേശിക്കും. ഇത് ബാധിച്ചാല്‍ തൊലി അഴുകാന്‍ തുടങ്ങും. പുകച്ചിലുമുണ്ടാകും. എന്നാല്‍ ശ്വാസകോശം, വൃക്ക എന്നിവയെ ഇത് ബാധിച്ചാല്‍ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഡോക്ടമാര്‍ പറയുന്നു. ബാക്ടീരിയയുടെ ആക്രമണമേല്‍ക്കാതിരിക്കാനായി ആശുപത്രി ജീവനക്കാര്‍ക്കും രോഗികളുടെ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions