ആരോഗ്യം

ഫേസ്ബുക്ക്‌ വഴി മുലപ്പാല്‍ വില്‍പ്പന തകൃതി; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ലണ്ടന്‍ : പണം നേടാന്‍ എന്താണ് വഴിയെന്നാലോചിക്കുന്ന ജോലിയില്ലാത്ത യു.കെയിലെയും അമേരിക്കയിലെയും വീട്ടമ്മമാര്‍ പുതിയ 'കുടില്‍ വ്യവസായ'ത്തിന് പിന്നാലെ. മുലപ്പാല്‍ വില്‍പ്പനയാണ് ഇപ്പോള്‍ വരുമാനം ഉണ്ടാക്കാനുള്ള സ്രോതസ് ആയി പലരും കണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ കടന്നുവരവോടെ വില്‍പ്പന യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുകയാണ്. ഫേസ്ബുക്ക് വഴി പരസ്യം നല്‍കിയാണ്‌ വില്‍പ്പന പൊടിപൊടിക്കുന്നത്. മക്കള്‍ കുടിച്ചിട്ട് മിച്ചം വരുന്ന പാല്‍ വില്‍ക്കാന്‍ അമ്മമാര്‍ അഭയം പ്രാപിച്ചിരിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെആണ്. പണം കൂടുതല്‍ കിട്ടുമെങ്കില്‍ സ്വന്തം കുഞ്ഞിനു പാല്‍ കൊടുക്കാതെയും കൊടുക്കുന്നത് കുറച്ചും വില്‍പ്പന നടത്തുന്ന അമ്മമാരും കൂടിവരുകയാണ്.

മുലപ്പാല്‍ വില്‍പ്പന ലക്ഷ്യമിട്ട് ഒട്ടേറെ കമ്മ്യൂണിറ്റികളും സജീവമാണ്. മുലപ്പാലിന്റെ ആവശ്യക്കാരെ കണ്ടെത്താന്‍ 'onlythebreast.co.uk'
പോലുള്ള വെബ്‌സൈറ്റുകളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 'പുകവലിക്കാത്ത, മദ്യപിക്കാത്ത, ആരോഗ്യമുള്ള അമ്മമാരുടെ പാല്‍ വില്‍പ്പനയ്ക്ക്' എന്നതാണ് ഇവരുടെ മുദ്രാവാക്യം. പാല്‍ വില്‍ക്കാന്‍ തയ്യാറായി ഒട്ടേറെ അമ്മമാര്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്ത് തയ്യാറായി നില്‍ക്കുന്നുണ്ട്. ആവശ്യക്കാര്‍ പേരു രജിസ്റ്റര്‍ ചെയ്താല്‍ പാല്‍ റെഡി. ചൂടോടെയോ ഫ്രീസ് ചെയ്തതോ ലഭിക്കും. ബ്രിട്ടണില്‍ ഔണ്‍സിന് ഒരു പൗണ്ടും യു.എസില്‍ ഔണ്‍സിന് രണ്ട് ഡോളറുമാണ് വിലയിട്ടിരിക്കുന്നത്.

നിയമപരമായ എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തിയാണ് ഇപ്പോഴത്തെ വില്‍പ്പന. കാരണം, മില്‍ക്ക് ബാങ്കുകള്‍ വഴി മാത്രമാണ് മുലപ്പാല്‍ ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാനാവുക. കുട്ടികളെ മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ പാല്‍ സൂക്ഷിക്കുന്നത്. പാല്‍ യഥേഷ്ടമുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇവിടങ്ങളില്‍ പാല്‍ ശേഖരിക്കുകയുള്ളൂ.

എന്നാല്‍, വില്‍പന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയായപ്പോള്‍ ഇത്തരം നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊന്നും സ്ഥാനമില്ലാതായി. ആര്‍ക്കും പാല്‍ വില്‍ക്കാം എന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍. അതിനാല്‍ ഇത് കുഞ്ഞുങ്ങള്‍ക്ക്‌ ഹാനികരമായേക്കാം. പലവിധ രോഗങ്ങളും ഇന്ഫെക്ഷനും ഉള്ള അമ്മമാര്‍ വരുമാനം മാത്രം മുന്നില്‍ കണ്ടു യഥേഷ്ടം പാല്‍ വില്‍പ്പനയ്ക്ക് തയാറായാല്‍ അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

ഇങ്ങനെ യാതൊരു നിയന്ത്രണവും ഇല്ലാതെയുള്ള പാല്‍വില്‍പ്പനയ്‌ക്കെതിരെ ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തുവന്നിരിക്കുകയാണ്. യാതൊരു പരിശോധനയും കൂടാതെ, ഗുണനിലവാരം ഉറപ്പാക്കാതെ ഇത്തരത്തില്‍ പാല്‍ വാങ്ങുന്നതിനെതിരെ ഡോക്ടര്‍മാര്‍ അമ്മമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജര്‍മനിയിലെ ഡോക്ടര്‍മാര്‍ ഇത്തരം പാല്‍ സ്വീകരിക്കരുത് എന്ന് അമ്മമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

മുലയൂട്ടാന്‍ പറ്റാത്ത അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് എന്‍എച്ച്‌എസ് മില്‍ക്ക് ബാങ്കുകള്‍ വഴിയുള്ള പാലിനെ മാത്രമേ ആശ്രയിക്കാവൂ എന്നാണു നിര്‍ദ്ദേശം. വേണ്ട പരിശോധനകള്‍ നടത്തിയാണ് ഇവിടെ പാല്‍ ശേഖരിക്കുന്നത്. മുലപ്പാല്‍ വില്‍ക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന വാദവുമായി വിവിധ സംഘടനകളും രംഗത്ത്‌ വന്നുകഴിഞ്ഞു.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions