യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാര്‍ണിവലും ചരിത്ര സംഭവമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യുക്മ ദേശീയ റീജിയണല്‍ നേതാക്കന്‍മാര്‍ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.
യുക്മ കേരളപൂരം വള്ളംകളി 2022നായി നടത്തിയ ലോഗോ മത്സരത്തില്‍ ഹെര്‍ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം നടക്കുന്ന വള്ളംകളി മത്സരത്തിന്റെ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ലോഗോയായിരിക്കും ഉപയോഗിക്കുക. വള്ളംകളി മത്സരത്തില്‍ കളിക്കാര്‍ ധരിക്കുന്ന ജേഴ്‌സിയിലും തിരഞ്ഞെടുക്കപ്പെട്ട ലോഗോ പതിപ്പിക്കും. വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോ മാത്യുവിന് 101 പൗണ്ടും ഫലകവും സമ്മാനമായി ലഭിക്കും.
നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ പ്രാേത്സാഹന സമ്മാനത്തിന് അര്‍ഹരായത് സിജോ ജോര്‍ജ്, ബാസില്‍ഡണ്‍, ഫെര്‍ണാണ്ടസ്, കീത് ലി മലയാളി അസോസിയേഷന്‍, ജോസ് മാത്യു, കവന്‍ട്രി, ഷാജി തോമസ്, സ്‌കന്‍ത്തോര്‍പ്പ്, ഡോണി ജോര്‍ജ് ജോസഫ്, ജോസ് സാമുവല്‍ എന്നിവരാണ്. മത്സര വിജയിക്കും പ്രോത്സാഹന സമ്മാനം നേടിയവര്‍ക്കും വള്ളംകളി മത്സരവേദിയില്‍ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
മനോജ് കുമാര്‍ പിള്ള നേതൃത്വം കൊടുത്ത സ്ഥാനമൊഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ആഗസ്റ്റ് 27ന് (27/8/22) ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കോവിഡിന് മുന്‍പ് 2019 ല്‍ നടന്ന അവസാന വള്ളംകളി മത്സരവും പ്രകൃതി രമണീയമായതും കൂടുതല്‍ സൗകര്യപ്രദവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു.
കാണികളായി ഈ വര്‍ഷം കൂടുതല്‍ പേര്‍ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളി 2022 ന്റെ ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യുക്മ ദേശീയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജാേ വര്‍ഗീസിനായിരിക്കും. അവസാന വര്‍ഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാര്‍ണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകള്‍ മാന്‍വേഴ്‌സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.
മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുള്ള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്‌ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുക്കുന്നത്.
'യുക്മ കേരളാ പൂരം വള്ളംകളി 2022' മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് മാന്‍വേഴ്‌സ് തടാകത്തിലേക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2022 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്: