യുക്മ കേരളപൂരം വള്ളംകളി 2022 വേദിയെ സംഗീത സാന്ദ്രമാക്കുവാന്‍ പ്രശസ്ത മലയാളി പിന്നണി ഗായിക സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7 വിന്നര്‍ മാളവിക അനില്‍കുമാര്‍ എത്തുന്നു. ഗന്ധര്‍വ്വസംഗീതം 2007, 2010 വര്‍ഷങ്ങളിലെ വിന്നര്‍ കൂടിയായ മാളവിക അനില്‍കുമാര്‍ സിദ്ധി വികാസ് ആര്‍ട്ട്‌സ് അക്കാദമി എന്ന സംഗീത സ്‌കൂളിന്റെ സ്ഥാപക കൂടിയാണ്.
'യേയ എന്‍ കൊട്ടിക്കാരാ' എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനം പാടി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ച മാളവിക ആ ഒരൊറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു. 2015 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ നായകനായ പാപനാശം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ച മാളവിക പിന്നീട് 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന മലയാള ചിത്രത്തിലും നിരവധി സംഗീത ആല്‍ബങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചു.
സിദ്ധി വികാസ് ആര്‍ട്ട്‌സ് അക്കാദമിയുടെ ഓണ്‍ലൈന്‍ സംഗീത ക്‌ളാസ്സുകളിലൂടെ, ലോകമെമ്പാടുമുള്ള നൂറ് കണക്കിന് കുട്ടികളുടെ പ്രിയങ്കരിയായ സംഗീതാദ്ധ്യാപിക കൂടിയാണ് മാളവിക. മാളവിക ടീച്ചര്‍ യു കെ യിലെ തന്റെ പ്രിയ ശിഷ്യരോടൊപ്പം യുക്മ കേരളപൂരം വള്ളംകളി പ്രേക്ഷകരെ സംഗീത ലഹരിയിലാഴ്ത്തും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 14 കുട്ടികളാണ് തങ്ങളുടെ പ്രിയ ടീച്ചറിനൊപ്പം വേദി പങ്കിടുവാനെത്തുന്നത്.
യുക്മ സാംസ്‌കാരിക വേദി കോവിഡ് ലോക്‌ഡൌണ്‍ സമയത്ത് ഓണ്‍ലൈനില്‍ നടത്തിയ ''ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദര്‍'' ഉള്‍പ്പടെ നിരവധി വേദികളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ചവരും യുകെയിലെമ്പാടും പ്രശസ്തരുമായ കുട്ടികളാണ് മാളവിക ടീച്ചറിനൊപ്പം പാടാനെത്തുന്നത്. ബര്‍മിംഗ്ഹാമില്‍ നിന്നുള്ള അന്ന ജിമ്മി, സൈറ മരിയ ജിജോ, റബേക്ക അന്ന ജിജോ, സൌത്ത്എന്‍ഡില്‍ നിന്നുള്ള ദൃഷ്ടി പ്രവീണ്‍, സൃഷ്ടി കല്‍ക്കര്‍, ലെയ്റ്റന്‍സ്റ്റോണില്‍ നിന്നുളള മഞ്ജിമ പിള്ള, ലെസ്റ്ററില്‍ നിന്നുള്ള ലക്‌സി അബ്രാഹം, കവന്‍ട്രിയില്‍ നിന്നുള്ള ഹര്‍ഷിണി വിദ്യാനന്തന്‍, മേധ ലക്ഷ്മി വിദ്യാനന്തന്‍, വാറിംഗ്sണില്‍ നിന്നുള്ള ഒലീവിയ വര്‍ഗ്ഗീസ്സ്, എസ്സെക്‌സ് ബ്രെന്റ്വുഡിലെ മാധവ് ആര്‍ നായര്‍, നോട്ടിംഗ്ഹാമില്‍ നിന്നുള്ള ഡെന ഡിക്‌സ്, മാഞ്ചസ്റ്ററില്‍ നിന്നുള്ള നവമി സരിഷ്, സാല്‍ഫോര്‍ഡില്‍ നിന്നുള്ള ജോവിന ജിജി എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിനൊപ്പം യുക്മ കേരളപൂരം വേദിയില്‍ പാടാനെത്തുന്നത്.
യുക്മ കേരളപൂരം വള്ളംകളി 2022 വേദിയില്‍ സംഗീത നിലാമഴ പൊഴിക്കുവാനെത്തുന്ന മലയാളത്തിന്റെ അനുഗ്രഹീത ഗായിക മാളവിക അനില്‍കുമാറിനും പ്രിയ ശിഷ്യര്‍ക്കും യുക്മയുടെ ഹൃദ്യമായ സ്വാഗതം.
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം :
Manvers Lake,
Rotherham,
S63 7DG