ദുരിതത്തിന്റെ തീരാക്കയങ്ങളില്‍ വീണ് ജീവിതം നരകതുല്യമായി തള്ളി നീക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാനായി യുകെയിലെ ഒരു കൂട്ടം മനുഷ്യസ്‌നേഹികള്‍ മുന്നോട്ട് വരികയാണ്. കാസര്‍കോട്ടെ കൃഷിയിടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി സൃഷ്ടിച്ച അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇരയായവര്‍ ഏറെയാണ്. അംഗവൈകല്യങ്ങളോടെ പിറന്ന് വീണ കുഞ്ഞുങ്ങള്‍, ഗുരുതരമായ ക്യാന്‍സര്‍ രോഗബാധിതര്‍, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിങ്ങനെ നൂറുകണക്കിനാളുകള്‍ തീരാ ദുരിതത്തില്‍ ജീവിക്കുകയാണ്. ഇവര്‍ക്കൊരു ചെറിയ സഹായമെങ്കിലും എത്തിക്കുവാനുള്ള ഒരു കൂട്ടം മനുഷ്യസ്‌നേഹികളുടെ മനസ്സിലുദിച്ച ആശയമാണ് 'സ്‌പ്രേ ഓഫ് മിസറി' എന്ന് പേരിട്ടിരിക്കുന്ന 50 കിലോമീറ്റര്‍ (32 മൈല്‍) മാരത്തണ്‍ നടത്തം. ബ്‌ളാക്ക്‌ബേണിനടുത്ത് ക്‌ളെയ്റ്റണ്‍ ലെ മൂര്‍സില്‍ നിന്നും വിഗണ്‍ പിയര്‍ (ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍) വരെയുള്ള 50 കിലോമീറ്റര്‍ മാരത്തണിലൂടെ ഇവര്‍ ശേഖരിക്കുന്ന പണം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒരു ചെറിയ സഹായമാകും എന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യസ്‌നേഹികള്‍.
ഒക്‌ടോബര്‍ 1 ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന മാരത്തണില്‍ ബോള്‍ട്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് കൂടിയായ അനിയന്‍കുഞ്ഞ് സഖറിയയോടൊപ്പം അജിത് മഠത്തില്‍, മാത്യു അഴകത്ത്, കമലേഷ് സോര്‍, ഷിബു വര്‍ഗ്ഗീസ്സ്, ബൈജു ജോണ്‍, ലിറ്റോ ടൈറ്റസ്, ജൂലിയസ് ജോസ്, ജിതിന്‍ തോമസ്, റോബര്‍ട്ട് മാത്യു, ജിസ്സി സോണി, അമല മാത്യു, കാര്‍ത്തിക സജിത്, കല്‍പന സോര്‍, ജോംസി ജോണി എന്നിവരാണ് പങ്കെടുക്കുന്നത്. ബോള്‍ട്ടണ്‍, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഈ 15 അംഗ സംഘം 'സ്‌പ്രേ ഓഫ് മിസറി' മാരത്തണിലൂടെ ഫണ്ട് സമാഹരിക്കുന്നത് ജസ്റ്റ് ഗിവിങ് എന്ന ഫണ്ട് കളക്ഷന്‍ പ്‌ളാറ്റ്‌ഫോമിലൂടെയാണ്. തിരക്കേറിയ ജീവിതചര്യകള്‍ക്കിടയില്‍ അനുകമ്പയുടേയും സഹജീവി സ്‌നേഹത്തിന്റേയും പുതിയ ചുവടുകളുമായി മുന്നിട്ടിറങ്ങുന്ന ഈ മനുഷ്യസ്‌നേഹികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
'സ്‌പ്രേ ഓഫ് മിസറി' ചാരിറ്റി ഫണ്ട് ശേഖരണവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://www.justgiving.com/crowdfunding/spray-of-misery