സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മകളില്‍ ഒന്നായ സ്റ്റീവനേജിലെ 'സര്‍ഗം മലയാളി അസ്സോസ്സിയേഷന്‍' സംഘടിപ്പിച്ച പത്തൊമ്പതാമത് ഓണോത്സവം അവിസ്മരണീയമായി. മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ അനുഭവവേദ്യമാക്കുന്നതില്‍ രണ്ടാഴ്ചയോളം നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ ഇന്‍ഡോര്‍ഔട്‌ഡോര്‍ മത്സരങ്ങളും, മികവുറ്റ അവതരണങ്ങളും, നടനനൃത്തഭാവ വസന്തം പെയ്തിറങ്ങിയ കലാസന്ധ്യയും, തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യയും, സുദൃഢമായ ഒത്തൊരുമയും, സര്‍വ്വോപരി മികച്ച സംഘാടകത്വവും, സര്‍ഗം തിരുവോണോത്സവത്തെ പ്രൗഡഗംഭീരമാക്കി.
സരോ സജീവും, അനീറ്റയും ടീമും ചേര്‍ന്നൊരുക്കിയ മനോഹരമായ ഓണപ്പൂക്കളം കൊണ്ട് നാന്ദി കുറിച്ച 'പൊന്നോണം2022' കൊട്ടും, കുരവയും, ആര്‍പ്പു വിളികളുമായി നിരന്ന സര്‍ഗം കുടുംബാംഗങ്ങളുടെ ഇടയിലേക്കു മഹാബലിയുടെ ആഗമനത്തോടെ ആഘോഷവേദി ആവേശഭരിതമായി.
ആര്‍പ്പുവിളികളുടെ അകമ്പടിയോടെ വേദിയിലേക്കെഴുന്നള്ളി എത്തിയ മാവേലി മന്നനോടൊപ്പം ഭാരവാഹികള്‍ കൂടി ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ആരംഭമായി. സര്‍ഗം പ്രസിഡണ്ട് ജിന്‍ടോ മാവറ ഏവര്‍ക്കും ഹൃദ്ധ്യമായ സ്വാഗതം അരുളി.ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം ജൊഹാന്‍ ജിമ്മി നല്‍കിയ ഓണ സന്ദേശം സന്ദര്‍ഭോചിതവും ഹൃദ്യവുമായി.
മനോഹരമായ തിരുവാതിര നൃത്തത്തോടെ ആരംഭിച്ച കലാസന്ധ്യയില്‍ മുതിര്‍ന്നവരും, കുട്ടികളും അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികളും, അനുസ്മൃതിയുണര്‍ത്തിയ ഓണക്കളികളും ഏറെ അനുഭൂതി പകരുന്നവയായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ അവതരണങ്ങള്‍ മികവുറ്റതാക്കിയ കലാപ്രതിഭകളുടെ വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, ഓണ പാട്ട്, ഹാസ്യ രസം മുറ്റിനിന്ന വിവിധ സ്‌കിറ്റുകള്‍, സിസിലി അവതരിപ്പിച്ച 'തെരുവു നായയുടെ വിഹാര കേരളം' ആക്ഷേപ ഹാസ്യ കവിത എന്നിവ ആഘോഷത്തെ ഏറെ ആകര്‍ഷകമാക്കി.
'രമണ പുനഃപ്രവേശം' കോമഡി സ്‌കിറ്റില്‍ കാഥികനായി നിറഞ്ഞാടിയ കലാഭവന്‍ ലിന്‍ഡോയോടൊപ്പം വിജോയും, ജവിന്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ മത്സരിച്ചഭിനയിച്ച അവതരണം പൊന്നോണത്തിലെ ഹൈ ലൈറ്റ് ആയി.
ബെല്ലാ ജോര്‍ജ്ജ്, മെറീറ്റ ഷിജി എന്നിവര്‍ വൈവിദ്ധ്യങ്ങളായ കലാവിരുന്നുകള്‍ക്കൊണ്ടു ഓണോത്സവ വേദി കയ്യടക്കിയപ്പോള്‍, താര ശോഭ തെല്ലും മങ്ങാതെ നിരവധിയായ പുതുമുഖങ്ങളുടെയും കുട്ടികളുടെയും കലാ വിരുന്നു തിരുവോണ വേദിക്കു ഊര്‍ജ്ജം പകരുന്നവയായി.
അലീന,അജീന എന്നിവരുടെ നേതുത്വത്തില്‍ നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് ഡാന്‍സ്, ജീനയും ടെസ്സയും, മരിയയും ചേര്‍ന്ന് അവതരിപ്പിച്ച 'കുടുംബ നൃത്തവും', ബെല്ല, അനീറ്റ, ആന്‍ഡ്രിയ ടീം അവതരിപ്പിച്ച 'വുമണ്‍സ് ഹോസ്റ്റല്‍' ഉള്‍പ്പെടെ ഓരോ കലാവിഭവങ്ങളും നിറഞ്ഞ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.
കലാ പരിപാടികള്‍ മനോഹരമായി കോര്‍ത്തിണക്കി, ഓണ വിശേഷങ്ങളും, ചേരുവകളും, മേമ്പൊടികളും, നിരൂപണങ്ങളുമായി ആവേശം നിറച്ചു ആഘോഷത്തെ ലൈവാക്കി നിര്‍ത്തുന്നതില്‍ ടെസ്സി ജെയിംസും, ജിന്‍ഡു ജിമ്മിയും അവതാരക റോളിലും, 'പൊന്നോണം2022 ' ഭംഗിയായി പ്രോഗ്രാം കോര്‍ഡിനേറ്റു ചെയ്ത സജീവ് ദിവാകരനും, കലാപരിപാടികളുടെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ടെറീന ഷിജി തുടങ്ങിയവര്‍ 'പൊന്നോണം 2022' ആഘോഷത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു.
ജോര്‍ജ്ജ്,ജോസ്,ജെസ്‌ലിന്‍, ക്രിസ് ബോസ്, അഞ്ജു, എറിന്‍,ഡാനിയേല്‍,എയ്ഡന്‍, മിഷേല്‍ ഷാജി തുങ്ങിയ ഗായകരുടെ ഇമ്പമാര്‍ന്ന സ്വരരാഗത്തില്‍ അവതരിപ്പിച്ച സംഗീതസാന്ദ്രമായ ലൈവ് ഗാനമേള സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ക്ക് പൊന്നോണ ആഘോഷത്തിലെ ഏറ്റവും ആസ്വാദ്യമായി.വിവിധ ഇന്‍ഡോര്‍,ഔട്‌ഡോര്‍ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഭാരവാഹികള്‍ വിതരണം ചെയ്തു.
സര്‍ഗം കമ്മിറ്റി ഭാരവാഹികളായ ജിന്റോ മാവറ,സജീവ് ദിവാകരന്‍, ജിമ്മി പുന്നോലില്‍, അനി ജോസഫ്, പ്രബിന്‍, ടെറീന ഷിജി, ജോജി സഖറിയാസ്, സിബി കക്കുഴി,ജിമ്മി ക്ലാക്കി, ജോസ് ചാക്കോ, ഹരിദാസ്, ടോണി, സനല്‍ തുടങ്ങിയവര്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.
'പാലാപ്പള്ളി പെരുന്നാള്‍..' നു താളം പിടിച്ചു ചുവടു വെച്ച് തകര്‍ത്താടിയ സമാപന പരിപാടിക്ക് ശേഷം ദേശീയ ഗാനാലാപനത്തോടെ പ്രൗഢ ഗംഭീരമായ ആഘോഷത്തിന് യവനിക താഴ്ന്നു.
തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച സുദീര്‍ഘമായ ആഘോഷം രാത്രി ഒമ്പതു വരെ നീണ്ടു നിന്ന ഓണോത്സവത്തിന്റെ മതിവരാത്ത ആനന്ദവും, രുചിഭേദങ്ങളും, കലാവിരുന്നും ആവോളം ആസ്വദിച്ചും, മഹാമാരി തടസ്സപ്പെടുത്തിയ വര്‍ഷങ്ങളുടെ കുറവും നികത്തി പൂര്‍ണ്ണ സംതൃപ്തിയോടെയാണ് സര്‍ഗ്ഗം കുടുംബങ്ങള്‍ വേദി വിട്ടത്.