കൊച്ചി : വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.55നുള്ള വിമാനത്തില്‍ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. നോര്‍വേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 12വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. മന്ത്രിമാരായ പി.രാജീവും വി. അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക.
രണ്ട് ദിവസം മുമ്പാണ് യാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് ഇത് മാറ്റിവെയ്ക്കുകയായിരുന്നു. നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം.
യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ചെലവിടുന്നത്. ഇതിനായി മൂന്ന് ഇതിനായി ഏജന്‍സികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ആളെ വയ്ക്കുന്നത്.
സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയാണ് അതത് സ്ഥലത്തെ വീഡിയോ ചിത്രീകരിക്കാനായി ഏജന്‍സിയെ കണ്ടെത്തിയത്. വീഡിയോ കവറേജിന്റെ ചെലവുകള്‍ പ്രസ് ഫെസിലിറ്റിസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.