യുകെയിലെ പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒക്ടോബര്‍ 9ലെ ലോക കേരളസഭ യു.കെ-യൂറോപ്പ് മേഖലാസമ്മേളനത്തിനും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ ലണ്ടനില്‍ അവസാനഘട്ടത്തിലേക്ക്.
രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ലോക കേരളസഭ യുകെ- യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും.
കാലത്തിനനുസരിച്ചു കേരളത്തെ ആധുനികവത്കരിക്കുവാനും വികസിപ്പിച്ചും പുരോഗതിയിലേക്കു നയിക്കുവാനും വൈഞ്ജാനിക സമൂഹം കെട്ടിപ്പടുക്കുവാനും പ്രവാസികള്‍ക്കു എന്തൊക്കെ സംഭാവനകള്‍ ചെയ്യാനാവും എന്നതില്‍ പ്രതിനിധികള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും .
കേരളത്തിന്റെ മുഖ്യമന്ത്രിയെക്കൂടാതെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, നോര്‍ക്ക റസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ് , നോര്‍ക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണന്‍ നമ്പൂതിരി, മറ്റ് നോര്‍ക്ക പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
പ്രതിനിധിസമ്മേളനത്തിനു ശേഷം വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവാസികളെ അഭിസംബോധന ചെയ്യും.
ജാതിമത രാഷ്ട്രീയഭേദ ചിന്തകള്‍ മാറ്റിവെച്ചു മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും സ്വീകരിക്കുവാന്‍ പ്രവാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്. ചീഫ് കോര്‍ഡിനേറ്റര്‍ എസ് ശ്രീകുമാര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ സി എ ജോസഫ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ബിജു പെരിങ്ങത്തറ, പി.ആര്‍.ഒ. ജയന്‍ എടപ്പാള്‍ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ കുര്യന്‍ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീര്‍ എന്‍ കെ, കെ കെ മോഹന്‍ദാസ്, ശ്രീജിത്ത് ശ്രീധരന്‍, എസ് ജയപ്രകാശ് എന്നിവരുടെയും ലോകകേരള സഭയെ പ്രതിനിധീകരിച്ചു ആഷിക് മുഹമ്മദ് നാസര്‍, അഡ്വക്കേറ്റ് ദിലീപ്കുമാര്‍, ലജീവ് കെ, നിധിന്‍ ചന്ദ്, ഷാഫി റഹ്മാന്‍, സുനില്‍ മലയില്‍ എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പൊതുസമ്മേളന വേദി : Tudor Park, Feltham, London. TW13 7EF.
പൊതുസമ്മേളനത്തിനു മിഴിവേകി 'കേളീരവം' എന്ന പേരില്‍ കലാസാംസ്‌കാരികപരിപാടികള്‍ അരങ്ങേറും. ഒട്ടേറെ കലാപ്രതിഭകള്‍ അണിനിരക്കുന്ന കേരളീയ സാംസ്‌കാരിക പൈതൃകം അതിമനോഹരമായി അരങ്ങില്‍ എത്തിക്കുന്ന പരിപാടിയാണ് 'കേളീരവം'.
പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവര്‍ക്ക് സൗജന്യ കാര്‍പാര്‍ക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു (Tudor Park, Feltham, London. TW13 7EF).
സമ്മേളന പരിപാടികള്‍ ഒരു ചരിത്രസംഭവമാക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സംഘാടകസമിതി അഭ്യര്‍ത്ഥിച്ചു.