യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിഗണ്‍ മലയാളി അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ നേടി. രാവിലെ 10 മണിക്ക് ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റെയും, ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെയും, റീജിയണല്‍ പ്രസിഡന്റ് ശ്രീ ബിജു പീറ്റര്‍ മറ്റ് റീജിയണല്‍ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഈശ്വര പ്രാര്‍ത്ഥനയോടെ മത്സരങ്ങള്‍ തുടങ്ങി.
കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ നിര്‍വഹിച്ചു. പ്രതികൂല കാലാവസ്ഥയിലും എത്തിച്ചേര്‍ന്ന കാണികളുടെ എല്ലാ പ്രതീക്ഷകള്‍ക്കും മേലെ മികച്ച പ്രകടനങ്ങളാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവച്ചത്.
വിവിധ സ്റ്റേജുകളില്‍ നടന്ന മത്സരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക സമിതി അംഗം തമ്പി ജോസ്, മുന്‍ റീജിയണല്‍ സെക്രട്ടറി സുരേഷ് നായര്‍, മുന്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജീവ്, സേവിയേഴ്‌സ് അക്കൗണ്ടന്‍സ് ഡയറക്ടര്‍ മിജോസ് സേവിയര്‍, ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റന്‍ കോര്‍ഡിനേറ്റര്‍ സിന്നി ജേക്കബ്, ട്രഷറര്‍ ബെന്നി ചാക്കോ, ക്രൂ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജോയ് തോമസ്, വിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജി ഫിലിപ്പോസ് , സെക്രട്ടറി ജെറിന്‍, ലൈജു മാനുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിയന്ത്രിക്കുകയുണ്ടായി.
കലാമേളയുടെ സുഗമമായ നടത്തിപ്പിന് കുറ്റമറ്റ രീതിയില്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിച്ചത് നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ) പ്രതിനിധികളായ സിജോ വര്‍ഗീസും രാജീവ് സി പി യും കലാമേള കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗീസും ചേര്‍ന്നാണ്.
റീജണല്‍ പ്രസിഡന്റ് ബിജു പീറ്റര്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ റീജണല്‍ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിച്ചു. സമാപന സമ്മേളനത്തില്‍ വിശിഷ്ട അതിഥികളായി ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, ദേശീയ ജോയിന്‍ സെക്രട്ടറി പീറ്റര്‍ താണോലില്‍, ദേശീയ ജോയിന്‍ ട്രഷറര്‍ എബ്രഹാം പൊന്നും പുരയിടം, മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി ആര്‍ ഒയുമായ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കലാമേള കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗീസ് വിജയികളെ പ്രഖ്യാപിക്കുകയും യുക്മ നാഷണല്‍ എക്‌സിക്യൂട്ടീവ് അഡ്വക്കേറ്റ് ജാക്‌സണ്‍ തോമസ്, റീജിയണല്‍ ജോയിന്‍ ട്രഷറര്‍ റ്റോസി സക്കറിയ, മുന്‍ റീജിയണല്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. റീജിയണല്‍ ട്രഷറര്‍ ബിജു മൈക്കിള്‍ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പേരില്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. ഏഴ് മണിയോടെ കൂടി ദേശീയ ഗാനം ആലപിച്ച് റീജനല്‍ കലാമേളയുടെ കൊടിയിറങ്ങി.
കലാതിലകം പട്ടം കരസ്ഥമാക്കിയത് വിഗണ്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള നക്ഷത്ര ജ്യോതിഷ്. കലാപ്രതിഭ ബഹുമതി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഫെലിക്‌സ് മാത്യു കരസ്ഥമാക്കി. വ്യക്തിഗത വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരിക്കുന്നത് കിഡ്‌സ് വിഭാഗത്തില്‍ കാതറിന്‍ മേരി ജില്‍സണ്‍ (വിഗണ്‍ മലയാളി അസോസിയേഷന്‍), സബ്ജൂനീയേഴ്‌സ് വിഭാഗത്തില്‍ നക്ഷത്ര ജ്യോതിഷ് (വിഗണ്‍ മലയാളി അസോസിയേഷന്‍), ജൂനിയേഴ്‌സ് വിഭാഗത്തില്‍ ഫെലിക്‌സ് മാത്യു (ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍), സീനിയേഴ്‌സ് വിഭാഗത്തില്‍ അക്ഷയ റോസ് ജേക്കബ് (വിഗണ്‍ മലയാളി അസോസിയേഷന്‍).