യുകെയിലെ കെറ്ററിങ്ങില്‍ അരുംകൊല ചെയ്യപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകന്റെയും (40) കുട്ടികളായ ജീവ (6) ജാന്‍വി (4) എന്നിവരുടെ ഭൗതിക ശരീരങ്ങള്‍ അന്തിമ കര്‍മങ്ങള്‍ക്കായി നാട്ടില്‍ അവരുടെ ജന്മനാടായ വൈക്കത്തെത്തിക്കുന്നതിന് കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്റെ സഹകരണത്തോടെ യുക്മ നേതൃത്വം വഹിക്കും.
യുകെ മലയാളികള്‍ക്കൊപ്പം ഇന്നാട്ടുകാരും ദാരുണ കൊലയുടെ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തി നേടിയിട്ടില്ല. വൈക്കം എം എല്‍ എ സി കെ ആശയോടൊന്നിച്ച് യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യന്‍, യു കെ മലയാളി ജഗദീഷ് നായര്‍ എന്നിവര്‍ അഞ്ജുവിന്റെ വൈക്കം കുലശേഖരമംഗലത്തെ ഭവനം സന്ദര്‍ശിക്കുകയും മാതാപിതാക്കന്‍മാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു. ഇത്തരുണത്തില്‍ പിതാവ് അശോകന്‍ അഞ്ജുവിനെയും കുഞ്ഞുങ്ങളെയും അവസാനമായി കാണുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ യുക്മ നേതൃത്വത്തോട് സഹായം അഭ്യര്‍ത്ഥിക്കുകയും അതിനുള്ള ചുമതല യുക്മ നേതൃത്വത്തെ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്.
നോര്‍ക്ക അധികാരികള്‍ നാട്ടിലുള്ള യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയെ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. യുകെയിലെ ഇന്ത്യന്‍ എംബസിയുമായി യുക്മ ലെയ്‌സണ്‍ ഓഫീസര്‍ മനോജ് പിള്ള ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യര്‍ത്ഥിക്കുകയും ഹൈക്കമ്മീഷന്റെ പിന്തുണ ഉറപ്പ് വരുത്തിയിട്ടുമുണ്ട്. യുക്മ നേതൃത്വവും, കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളായ ബെന്നി ജോസഫ്, അരുണ്‍ സെബാസ്റ്റ്യന്‍, അനീഷ് തോമസ്, സിബു ജോസഫ്, സോബിന്‍ ജോണ്‍ തുടങ്ങിയവര്‍ കെറ്ററിംഗില്‍ പോലീസ്, എന്‍ എച്ച് എസ് അധികാരികളുമായി ബന്ധപ്പെട്ട് ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ഉത്തരവാദിത്വം നിര്‍വ്വഹിച്ചുവരുന്നു.
യുകെ മലയാളികളുടെ പ്രാര്‍ത്ഥനയും പിന്തുണയും അഞ്ജുവിന്റെ കുടുംബത്തിനോടൊപ്പമുണ്ടാകണമെന്ന് യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.