യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് യുക്മ 2023 ല്‍ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികളാണ് . യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചത്.
യുകെയിലെ മലയാളി കായിക പ്രതിഭകള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള ജൂലൈ 15 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മുടങ്ങിപ്പോയ കായികമേള ഈ വര്‍ഷം പുനരാരംഭിക്കുകയാണ്. 2019 ല്‍ നനീട്ടണിലെ പിംഗിള്‍സ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള ഇതിന് മുന്‍പ് നടന്നത്. ഈ വര്‍ഷവും നനീട്ടണില്‍ വച്ച് തന്നെയായിരിക്കും ദേശീയ കായികമേള സംഘടിപ്പിക്കുന്നത്.
യുക്മ 2023 ല്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി 2023 ആഗസ്റ്റ് 26 ശനിയാഴ്ച നടത്തപ്പെടും. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ ഏറെ ആവേശത്തോടെയാണ് യുകെ മലയാളികള്‍ കാത്തിരിക്കുന്നത്. 2023 ആഗസ്റ്റ് 26 ന് നടക്കുന്ന വള്ളംകളിയും വിവിധ കലാപ്രകടനങ്ങളും യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന് നിസ്സംശയം പറയാം. സെലിബ്രറ്റികളും, വിശിഷ്ട വ്യക്തികളും ഇത്തവണത്തെ വള്ളംകളി ദിവസവും കാണികളുടെ മനംകവരാന്‍ എത്തിച്ചേരും. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ കുടുംബമൊന്നിച്ച് ഇത്തവണത്തെ വലിയ സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവന്‍ ആഘോഷിക്കുവാന്‍ പറ്റുന്ന വിധത്തിലുള്ള വന്‍ ഒരുക്കങ്ങളാണ് യുക്മ ആസൂത്രണം ചെയ്യുന്നത്.
യുക്മ ദേശീയ കലാമേള നവംബര്‍ 4 ശനിയാഴ്ച നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. യുകെയിലെ മലയാളി കലാപ്രതിഭകള്‍ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ കലാമേള 2022 ല്‍ ഗ്‌ളോസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമിലാണ് നടന്നത്. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന് യുകെയിലെ കലാപ്രേമികള്‍ നല്‍കി വരുന്ന പിന്തുണ ഏറെ വലുതാണ്.
യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണല്‍, ദേശീയ കായികമേളകള്‍, യുക്മ കേരളപൂരം വള്ളംകളി 2023, യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ എന്നിവ വന്‍ വിജയമാക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.