ഇക്കഴിഞ്ഞ ജനുവരി 19ന് അകാലത്തില്‍ മരണമടഞ്ഞ കവന്‍ട്രിയിലെ അരുണ്‍ മുരളീധരന്‍ നായരുടെ കുടുംബത്തെ സഹായിക്കുവാന്‍ വേണ്ടി യുക്മ ചാരിറ്റി ഫൌണ്ടേഷനും (UCF) കവന്‍ട്രി കേരള കമ്മ്യൂണിറ്റിയും (CKC) ചേര്‍ന്ന് സമാഹരിച്ച തുക അരുണിന്റെ കുടുംബത്തിന് കൈമാറി. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വെച്ച സുപ്രസിദ്ധ മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് തുക അരുണിന്റെ കുടുംബത്തിന് കൈമാറിയത്.
തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മൃതദേഹം ഫെബ്രുവരി രണ്ടാം വാരം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തിയിരുന്നു.
തിരുവനന്തപുരത്ത് വെച്ച് നടന്ന തികച്ചും ലളിതമായ ചടങ്ങില്‍ വെച്ചാണ് അരുണിന്റെ കുടുംബം തുക ഏറ്റുവാങ്ങിയത്. കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്ജ്കുട്ടി ആഗസ്തി, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
യുക്മയും സി കെ സി കവന്‍ട്രിയും ചേര്‍ന്ന് നടത്തിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തെ പ്രത്യേകം അഭിനന്ദിച്ച ഗോപിനാഥ് മുതുകാട്, യുക്മ ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ആയിരം കൈകള്‍ ചേര്‍ത്ത് കൊണ്ട് അഭിനന്ദിക്കുന്നതായി പറഞ്ഞു. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മുതുകാട് ഇനിയും ഇത് പോലുള്ള ഒരുപാട് ആളുകളെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. യുക്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ മുതുകാട് ഇത് പോലുളള പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ നല്ലവരായ എല്ലാ മനുഷ്യരുടേയും സഹായവും സഹകരണവും ഉണ്ടാകട്ടേയെന്ന് ആശംസിച്ചു.
യുക്മ മാജിക് പ്‌ളാനറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഗോപിനാഥ് മുതുകാട് യുക്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.
അരുണിന്റെ കുടുംബത്തെ സഹായിക്കുവാന്‍ നടത്തിയ ധനശേഖരണ പ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും, നേതൃത്വം നല്‍കിയ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജോര്‍ജ് തോമസ്, സി കെ സി പ്രസിഡന്റ് ഷിന്‍സന്‍ മാത്യു എന്നിവര്‍ക്കും മറ്റ് ഭാരവാഹികള്‍ക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.