യുകെ ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ ക്നാനായ 'കുടുംബ സംഗമം -വാഴ്‌വ് 2023-' ന് ഗംഭീര പരിസമാപ്തി. ഏപ്രില്‍ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിന്റെ മണ്ണിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്നത്. ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യം 'വാഴ്‌വ് 2023 'ന് ആവേശമായി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ യില്‍ എത്തിയ വലിയ ഇടയനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുര്‍ബാനയുടെ ആരാധനയെ തുടര്‍ന്നുള്ള വി. കുര്‍ബാനയില്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനൊപ്പം യുകെയിലെ മുഴുവന്‍ ക്നാനായ വൈദികരും സഹകാര്‍മ്മികരായിരുന്നു. വി.കുര്‍ബാനയ്ക്ക് ശേഷം ലീജിയണ്‍ ഓഫ് മേരി, മിഷന്‍ ലീഗ്, തിരുബാല സഖ്യം എന്നീ സംഘടനകള്‍ക്ക് ഓദ്യോഗിക തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ യുകെയിലെ ക്നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അധ്യക്ഷനായിരുന്നു. ജനറള്‍ കണ്‍വീനര്‍ ഡീക്കന്‍ അനില്‍ ലൂക്കോസ് ഒഴുകയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, എംപി മൈക്ക് കേയ്ന്‍ , കെ സി സി അതി രൂപതാ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, എന്നിവര്‍ കൂടാതെ മിഷന്‍ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ ക്വയര്‍, ക്നാനായ തനിമയും പാമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍, മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ മാഞ്ചെസ്റ്ററിലെ Audacious church ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങള്‍ക്ക് സന്തോഷ വിരുന്നൊരുക്കി. വരും വര്‍ഷങ്ങളിലും ഇതുപോലുള്ള ഒത്തുചേരല്‍ സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു.
നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവര്‍ക്കും സന്തോഷേമേകി. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വന്‍ വിജയമായിത്തീര്‍ന്ന വാഴ്‌വ് 2023 ല്‍ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയാണ് സമ്മേളന നഗരിയില്‍ നിന്നും യാത്രയായത്.