ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ സംഘടുപ്പിക്കുന്ന 'യുവ 2023' യുവജന സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആലത്തൂര്‍ എം പി യും യുവ രാഷ്ട്രീയ കലാസാഹിത്യ വ്യക്തിത്വവുമായ രമ്യ ഹരിദാസിനെ സ്വീകരിക്കാന്‍ ക്രോയിഡോണ്‍ ഒരുങ്ങി. ജൂണ്‍ 24 ന് വെച്ച് നടക്കുന്ന 'യുവ 2023' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് 7 മണിയോടെ അവസാനിക്കും.
യുകെയിലെ നാനാ സ്ഥലങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന 'യുവ 2023', IOC UK കേരള ചാപ്റ്റര്‍ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടന വേദി കൂടിയാകും.
എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ 'യുവ 2023' ചടങ്ങില്‍ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. സദസ്സിനെ ആവേശം കൊള്ളിക്കുന്ന വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളും സംഘാടകര്‍ 'യുവ 2023' ല്‍ ഒരുക്കിയിട്ടുണ്ട്.
'യുവ 2023' സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് തോമസ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ എഫ്രേം സാം, ലിലിയ പോള്‍, ജിതിന്‍ വി തോമസ്, അളക ആര്‍ തമ്പി എന്നിവര്‍ അംഗങ്ങളായ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
വേദിയുടെ വിലാസം:
St Jude with St Aidan Church, Thornton Rd, Thornton Heath
CR7 6BA