ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു; തല തകര്‍ത്തു
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു അതിദാരുണമായ കൊലപാതകം കൂടി. ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ 28 കാരനായ പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും പിടികൂടി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നുള്ള തൊഴിലാളിയാണ് പ്രതി.
ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്ന് കാണാതായ 33 കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു യുവതി. ഉധം സിംഗ് നഗറിലെ ബിലാസ്പൂര്‍ കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ 30 ന് നഴ്‌സ് വീട്ടില്‍ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരന്‍ ജൂലൈ 31 ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ഉത്തരാഖണ്ഡിലെ ദിബ്ഡിബയിലെ ആളൊഴിഞ്ഞ പ്ലോട്ടില്‍ നഴ്സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് നഴ്‌സ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. നഴ്‌സിന്റെ തല തകര്‍ത്തതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതി നഴ്‌സിന്റെ അടുത്ത് നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉധം സിംഗ് നഗറിലെ കാശിപൂര്‍ റോഡിലുള്ള ബസുന്ദര അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് നഴ്സിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു പ്രതി. സ്ത്രീയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതി നഴ്‌സിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ഇയാള്‍ നഴ്‌സിന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും പണവുമായി ഉത്തരാഖണ്ഡില്‍ നിന്നും രക്ഷപെടുകയായിരുന്നു.