ബെംഗളൂരു: മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടാണ് അനുമതി നല്‍കിയത്.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണത്തിലാണ് ഗവര്‍ണറുടെ നടപടി. മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ടിന് മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ നിവേദനങ്ങളില്‍ പരാമര്‍ശിക്കുന്നു,' ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഗവര്‍ണറുടെ ഒഫിസില്‍ നിന്ന് ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവര്‍ണറുടെ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്.
എതിരായ ആരോപണങ്ങളിലും എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യരുതെന്ന കാര്യത്തിലൂം ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും കാണിച്ച് ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.