വിവാഹത്തിനൊരുങ്ങാന്‍ മുറിയില്‍ കയറിയ പ്രവാസി വരന്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍
മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരനായ പ്രവാസി യുവാവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി കുമ്മണിപ്പറമ്പ് ജിബിനാണ്(30) മരിച്ചത്. കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്. ഇന്നു രാവിലെ വിവാഹ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുന്‍പ് കുളിക്കാന്‍ ശുചിമുറിയില്‍ കയറിയതായിരുന്നു ജിബിന്‍. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു.
കൈ ഞരമ്പ് മുറിച്ച് രക്തം നഷ്ടപ്പെട്ട നിലയിലായിരുന്നു ജിബിന്‍. ഇയാള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു സൂചനയുമില്ലായിരുന്നു. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെ ഉള്ളവ പൊലീസ് പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.