ഹോട്ടലില്‍ വച്ച് മദ്യം നല്‍കി വിവസ്ത്രനാക്കി രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിന്റെ പരാതി
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കി. ബംഗാളി നടിക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രഞ്ജിത്ത് ബാലകൃഷ്ണനെതിരെ യുവാവ് ലൈംഗികാതിക്രമ പരാതി നല്‍കി. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിക്കുന്നത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം.
രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു.
ഞാന്‍ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാന്‍ പറഞ്ഞു, എന്റെ കണ്ണുകള്‍ക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എന്റെ കണ്ണില്‍ കണ്മഷി എഴുതാന്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ എനിക്ക് പറയാന്‍ കഴിയില്ല. ഞാന്‍ അത് പോലീസിനോട് പറയും'-പരാതിക്കാരന്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ഇതിനു ശേഷം താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി.
തനിക്ക് സിനിമയില്‍ വേഷം തരാമെന്ന് രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മലയാള സിനിമയില്‍ മീ ടൂ ആരോപണങ്ങള്‍ ശക്തമായതിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വരുന്നത്. 2009ല്‍ രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബംഗാളി നടി പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.