ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) വിടവാങ്ങി. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകീട്ടോടെ അന്തരിച്ചു. മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. 14-ന് വൈകുന്നേരം മൂന്നു മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 31-ന് അദ്ദേഹത്തിന്റെ ആരോഗ്യനില പൊടുന്നനെ ഗുരുതരമാകുകയായിരുന്നു നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യെച്ചൂരി ചികിത്സയില്‍ തുടര്‍ന്നത്.
2015 -ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തത്. 1992 മുതല്‍ പി.ബി അംഗമാണ്. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെയും സിപിഎമ്മിന്റെയും താര പ്രചാരകനായിരുന്നു സീതാറാം യെച്ചൂരി.
ദേശീയ തലത്തില്‍ ഇടതുപക്ഷം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കുക എന്ന ദൗത്യമായിരുന്നു അദ്ദേഹത്തിന്. അടിസ്‌ഥാന കമ്യൂണിസ്‌റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള പ്രയോഗികതയാണ് സീതാറാം യെച്ചൂരി സി.പി.എം. രാഷ്‌ട്രീയത്തില്‍ ഇതുവരെ പുലര്‍ത്തിയത്. നിത്യശത്രുവായിരുന്ന കോണ്‍ഗ്രസുമായുള്ള സഖ്യമുള്‍പ്പെടെയുള്ള പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിലുള്‍പ്പടെ യെച്ചൂരിയുടെ വൈദഗദ്ധ്യം ദേശീയ രാഷ്‌ട്രീയം പലപ്പോഴും കണ്ടു. ബി.ജെ.പിക്കെതിരേ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന വാദമുയര്‍ത്തിയാണ് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ യെച്ചൂരി നിശബ്ദമാക്കിയത്.
വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12ന് ചെന്നൈയിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലംമാറ്റങ്ങള്‍ക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായിരുന്നു.
യെച്ചൂരി ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. ഒരു വര്‍ഷത്തെ പഠനം പ്രക്ഷോഭത്തില്‍ മുങ്ങി. പിന്നാലെ അച്‌ഛനു ഡല്‍ഹിയിലേക്ക് സ്‌ഥലംമാറ്റം. ഡല്‍ഹി സെന്റ് സ്‌റ്റീഫന്‍സ് കോളജില്‍ സാമ്പത്തികശാസ്‌ത്ര ബിരുദത്തിനും നല്ല മാര്‍ക്ക് ലഭിച്ചു. സ്‌റ്റീഫന്‍സില്‍നിന്ന് ബി.എ. ഇക്കണോമിക്‌സില്‍ ഒന്നാം ക്ലാസുമായാണ് യച്ചൂരി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലേക്കു പോകുന്നത്. അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെ.എന്‍.യുവില്‍ അപേക്ഷിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത്.
പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യച്ചൂരിയുടെ ആദ്യ രാഷ്‌ട്രീയ പ്രസംഗം. കാരാട്ടിനെ ജെ.എന്‍.യു. സര്‍വകലാശാലാ യൂണിയന്‍ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യച്ചൂരി എസ്.എഫ്.ഐയില്‍ ചേര്‍ന്നത്. 1984ല്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി. മൂന്നു തവണ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്‌ഥക്കാലത്ത് ജയിലിലും കഴിഞ്ഞു. പിന്നീട് 1988-ല്‍ തിരുവനന്തപുരത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി . 1992-ല്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്‌ക്കുമൊപ്പം പോളിറ്റ്‌ബ്യൂറോയില്‍ അംഗമായി. 38 കാരനായ യെച്ചൂരിയായിരുന്നു പിബിയിലെ ഏറ്റവും കുറഞ്ഞ നേതാവ്. 2004ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ രൂപീകരണത്തിലും സുര്‍ജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു.
യു.പി.എ. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനല്‍കിയ സമിതിയിലെ സി.പി.എം. പ്രതിനിധിയായിരുന്നു. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാരും ഇടതുപക്ഷപാര്‍ട്ടികളും തമ്മില്‍ രൂപീകരിച്ച ഏകോപനസമിതിയില്‍ പ്രകാശ് കാരാട്ടിനൊപ്പം യെച്ചൂരിയും അംഗമായി.
നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ആദ്യം എത്തുന്നത്. അന്ന് എസ്. രാമചന്ദ്രന്‍പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിര്‍ദേശത്തിലൂടെയാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ ചിഷ്‌തിയാണ് ഭാര്യ. മൂന്നു മക്കള്‍. പ്രശസ്ത വനിതാവകാശപ്രവര്‍ത്തക വീണ മജുംദാറിന്റെ പുത്രി ഇന്ദ്രാണി മജുംദാറായായിരുന്നു യെച്ചൂരിയുടെ ആദ്യ ഭാര്യ . ആ വിവാഹത്തില്‍ യച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. യെച്ചൂരിയുടെ മൂത്ത മകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ആശിഷ് യെച്ചൂരി 2021-ല്‍കോവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
ലെഫ്‌റ്റ് ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദുരാഷ്ര്‌ട, സോഷ്യലിസം ഇന്‍ ട്വന്റിഫസ്‌റ്റ് സെഞ്ചുറി, സ്യൂഡോ ഹിന്ദൂയിസം എക്‌സ്‌പോസ്‌ഡ്; സാഫ്രണ്‍ ബ്രിഗേഡ് മിത്ത് ആന്‍ഡ് റിയാലിറ്റി, കാസ്‌റ്റ് ആന്‍ഡ് ക്ലാസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ് ടുഡേ, ഓയില്‍പൂള്‍ ഡെഫിസിറ്റ് ആന്‍ഡ് സെസ്‌പൂള്‍ ഡെഫിസിറ്റ്, സോഷ്യലിസം ഇന്‍ ചെയിഞ്ചിങ് വേള്‍ഡ്, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) എന്നിവ പ്രധാന കൃതികള്‍. പീപ്പിള്‍സ് ഡയറി ഓഫ് ഫ്രീഡം സ്‌ട്രഗിള്‍, ദ ഗ്രേറ്റ് റിവോള്‍ട്ട് എ ലെഫ്‌റ്റ് അപ്രൈസല്‍, ഗ്ലോബല്‍ ഇക്കോണമിക് ക്രൈസിസ്: എ മാര്‍ക്‌സിസ്‌റ്റ് പേര്‍സ്‌പെക്‌ടീവ് എന്നീ പുസ്‌തകങ്ങള്‍ എഡിറ്റ് ചെയ്‌തു. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.