ബുറൈദ: കൊല്ലം കടയ്‌ക്കല്‍ സ്വദേശികളായ ദമ്പതികളെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലാണ് സംഭവം. ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയുടെ മകന്‍ ശരത് (40), ഭാര്യ പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോലിക്കെത്താതായതോടെ തൊഴിലുടമ താമസസ്ഥലത്ത് അന്വേഷിച്ചെത്തി. ഏറെനേരം വാതില്‍ തുറക്കാതിരുന്നതിനെ തുടല്‍ന്ന് പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഉനൈസയില്‍ ഇലക്‌ട്രിക്, പ്ലമ്പിംഗ് ജോലി ചെയ്‌തുവരികയായിരുന്നു ശരത്. രണ്ട് മാസം മുമ്പാണ് ഭാര്യ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായോ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായോ വ്യക്തമല്ല.